പുതിയ പദ്ധതിയുമായി കുടുംബശ്രീ

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനലഭ്യതയും ഉറപ്പാക്കാന്‍ പശു സഖി” എന്ന പുതിയ പദ്ധതിയുമായി കുടുംബശ്രീ. പാല്‍, മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനവും വിപണനവുമായി ബന്ധപ്പെട്ട തൊഴില്‍മേഖലയെ ശക്തിപ്പെടുത്തുന്നതിനായാണു പുതിയ പദ്ധതി. ഇതോടനുബന്ധിച്ച പരിശീലന പരിപാടിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. വനിതകളുടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ 250 വനിതകളെ തിരഞ്ഞെടുത്ത് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. ഇവര്‍ പിന്നീട് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരായി പ്രവര്‍ത്തിക്കും. നിലവില്‍ കുടുംബശ്രീയുടെ സംഘകൃഷി മേഖലയിലുള്ള മാസ്റ്റര്‍ ഫാര്‍മേഴ്‌സിനു സമാനമായ പ്രവര്‍ത്തനങ്ങളാണു പദ്ധതി വഴി മൃഗസംരക്ഷണമേഖലയിലും നടപ്പാക്കുക. കുടുംബശ്രീയുടെ തന്നെ കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ സംയോജിത കൃഷിരീതികള്‍ നടപ്പാക്കാന്‍ സംരംഭകര്‍ക്കാവശ്യമായ സഹായവും പിന്തുണയും നല്‍കുക എന്നതാണു  പദ്ധതിയില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രധാന ചുമതല. സംരംഭകര്‍ക്കു വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, സാങ്കേതികജ്ഞാനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കുക, സംരംഭകരെ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക, മൃഗഡോക്ടര്‍മാരുടെയും കാര്‍ഷിക വിദഗ്ധരുടെയും സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.  പാല്‍, മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം വിപണനവും കാര്യക്ഷമമായി നടപ്പാക്കും. പുതിയ പദ്ധതി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാന്‍ മറ്റു വകുപ്പുകളുടെ സംയോജനവും ഉറപ്പുവരുത്തും. പദ്ധതി നടപ്പാക്കുന്നതോടെ കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കിവരുന്ന ക്ഷീരസാഗരം-നാച്വര്‍ ഫ്രഷ് പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കാനും സാധിക്കും. സംസ്ഥാനം നേരിടുന്ന പാല്‍ക്ഷാമം പരിഹരിക്കുന്നതിനു ഫലപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാവുന്ന മികച്ച മാതൃകയാക്കി നാച്വര്‍ ഫ്രഷിനെ മാറ്റാനും പരിപാടിയുണ്ട്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായി ഏറ്റവും ഇണങ്ങിനില്‍ക്കുന്ന ഒരു തൊഴില്‍മേഖലകൂടിയായതിനാല്‍ നിരവധി അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ ജൈവകൃഷിക്കൊപ്പം സംയോജിത കൃഷിരീതിയും ഒരുമിച്ചുകൊണ്ടുപോവാനാണു കുടുംബശ്രീ ലക്ഷ്യമിടുന്നത്.—
Next Story

RELATED STORIES

Share it