പുതിയ നിയമസഭയില്‍ മുസ്‌ലിം എംഎല്‍എമാര്‍ 24

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് 24 മുസ്‌ലിംകള്‍. കഴിഞ്ഞ വര്‍ഷം ഇത് 19 ആയിരുന്നു. ഇതോടെ 243 അംഗ സംസ്ഥാന നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം ഏതാണ്ട് പത്ത് ശതമാനമാവും. എന്നാല്‍ 17 ശതമാനത്തോളമാണ് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ.
തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ആര്‍ജെഡിയുടെ ബാനറില്‍ തന്നെയാണ് ഏറ്റവുമധികം മുസ്‌ലിംകള്‍ വിജയിച്ചത്. 12 പേരാണ് ലാലു പ്രസാദിന്റെ പാര്‍ട്ടിയില്‍ നിന്നു വിജയിച്ചത്. ബാക്കി 12 പേരില്‍ ആറു പേര്‍ കോണ്‍ഗ്രസ്സിന്റെയും അഞ്ചു പേര്‍ ജെഡിയുവിന്റെയും ഒരാള്‍ സിപിഐഎംഎല്ലിന്റെയും ടിക്കറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം അംഗങ്ങള്‍ സഭയിലെത്തിയത് 2000ലാണ്. 324 അംഗ നിയമ സഭയില്‍ അന്ന് 30 പേര്‍ മുസ്‌ലിംകളായിരുന്നു. 2000 നവംബര്‍ 15ന് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിനു ശേഷമാണ് ബിഹാറില്‍ 243 നിയമസഭാ മണ്ഡലങ്ങളായത്. അതിനു ശേഷം ഇത് ആദ്യമായാണ് 20 കടക്കുന്നത്.
ഏറ്റവും ശക്തമായ മല്‍സരം നടന്ന അര്‍റാ മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ ബിജെപി ടിക്കറ്റില്‍ വിജയിച്ച അമരേന്ദ്ര പ്രതാപ് സിങിനെ നേരിയ ഭൂരിപക്ഷത്തിനാണ് ആര്‍ജെഡിയിലെ മുഹമ്മദ് നവാസ് ആലം പരാജയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it