പുതിയ തലമുറ സ്വന്തത്തിലേക്ക് ചുരുങ്ങുന്നു: ജ. ജയശങ്കരന്‍ നമ്പ്യാര്‍

കൊച്ചി: ചിന്തയിലും പ്രവൃത്തിയിലും പുതിയ തലമുറ അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഹൈക്കോടതി ജഡ്ജി എ കെ ജയശങ്കരന്‍ നമ്പ്യാര്‍. എറണാകുളം കരയോഗത്തിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് പുതുമയുടെ പുതുതലമുറ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതികവിദ്യയും ആശയവിനിമയ ഉപാധികളും പുതിയ തലമുറയുടെ സമൂഹവുമായി ഇടപെടാനുള്ള അവന്റെ ശേഷി ചോര്‍ത്തുകയാണ്. ആശയവിനിമയത്തില്‍ പുതിയ സാങ്കേതികവിദ്യ സഹായകമാണ്. എന്നാല്‍, സാങ്കേതിക വിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്നവരായി പുതിയ തലമുറ മാറി. രാവിലെ മുതല്‍ വൈകുന്നേരം വരെ ഐപാഡിലും ഐഫോണിലും കംപ്യൂട്ടറിലും ടെലിവിഷനിലുമാണ് അവര്‍ ജീവിക്കുന്നത്. സാമൂഹിക ജീവിതത്തില്‍ വ്യക്തികള്‍ തമ്മില്‍ നേരിട്ടുള്ള ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ട്. അതില്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും വികാരങ്ങളും മനസ്സിലാക്കാനും അതിനെ മാനിക്കാനും അതിനോട് സഹിഷ്ണുത പുലര്‍ത്താനും അവന്‍ പഠിക്കില്ലെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.
സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ളവരാണ് പുതിയ തലമുറയെന്നും അവനെ സാമൂഹികജീവിയായി വളരാന്‍ അനുവദിക്കാതെ കൂട്ടിലടച്ച തത്തയായി വളര്‍ത്തുന്ന രക്ഷിതാക്കളുടെ മനോഭാവത്തിലാണ് മാറ്റം വേണ്ടതെന്നും വിഷയം അവതരിപ്പിച്ച ഐസിഐസിഐ ബാങ്ക് സീനിയര്‍ ചീഫ് മാനേജര്‍ വി അരുണ്‍ അഭിപ്രായപ്പെട്ടു.
നാടിന്റെ പാരമ്പര്യത്തിലും പൈതൃകത്തിലും അധിഷ്ഠിതമായ മൂല്യബോധമാണ് പുതുതലമുറയില്‍ ഉണ്ടാവേണ്ടതെന്ന് പ്രഫ. ഡോ. ലക്ഷ്മി ശങ്കര്‍ പറഞ്ഞു. പുതിയ തലമുറയില്‍ ഗുണപരമായ മാറ്റമുണ്ടാവാന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമഗ്രമായ മാറ്റം വരണമെന്നും കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന കേന്ദ്രങ്ങളാവാന്‍ സ്‌കൂളുകള്‍ക്ക് കഴിയണമെന്നും മഹാരാജാസ് കോളജ് മുന്‍ ചെയര്‍മാന്‍ നാസില്‍ പറഞ്ഞു. അഡ്വ. പാര്‍വതി സഞ്ജയ് ചര്‍ച്ച നയിച്ചു.
Next Story

RELATED STORIES

Share it