Gulf

പുതിയ ഡ്രൈവിങ് സ്‌കൂള്‍ പാഠ്യ പദ്ധതി അടുത്ത മാസം

ദോഹ: ഡ്രൈവിങ് സ്‌കൂളുകള്‍ക്കുള്ള ഗതാഗത വകുപ്പിന്റെ പുതിയ പാഠ്യപദ്ധതി ഫെബ്രുവരിയില്‍ ലഭ്യമായേക്കുമെന്ന് റിപോര്‍ട്ട്. പുതിയ പാഠ്യപുസ്തകം അച്ചടി ഘട്ടത്തിലാണെന്നാണ് മനസ്സിലാക്കുന്നതെന്ന് അല്‍കിബ്ര ഡ്രൈവിങ് സ്‌കൂള്‍ ജനറല്‍ മാനേജര്‍ ഒമര്‍ കാബല്ലോ ചൂണ്ടിക്കാട്ടി. ഖത്തര്‍ ട്രിബ്യൂണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിദഗ്ധരില്‍ നിന്ന് ഗതാഗത വകുപ്പിന് ലഭിച്ച നിര്‍ദ്ദേത്തിന്റെ അടിസ്ഥാനത്തിലാണത് തയ്യാറാക്കുന്നത്. പുതിയ പാഠ്യപദ്ധതി എല്ലാ വിഭാഗക്കാരുടേയും താല്‍പര്യം നിറവേറ്റും. വാഹനം ഓടിക്കുന്നതുള്‍പ്പെടെ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
2015ല്‍ മാത്രം ഗതാഗത നിയമ ലംഘനം പതിനഞ്ച് ലക്ഷം കവിഞ്ഞിരുന്നു. പുതിയ ഗതാഗത നിയമം ഉള്‍ക്കൊള്ളുന്ന പാഠ്യ പദ്ധതി റോഡ് അപകടം കുറക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് അപകടം കുറക്കുന്നതിനായി ഡ്രൈവിങ് സ്‌ക്കൂളുകളിലെ പരിശീലനവും പഠന രീതിയും ഏകീകരിക്കുകയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുമ്പോള്‍ അതിന്റെ ഫലവും മികച്ചതായിരിക്കും. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ വൈദഗ്ധ്യമുള്ളവരും ഉയര്‍ന്ന ധാര്‍മികതയുള്ളവരുമായിരിക്കുമെന്നും അല്‍ഖര്‍ജി പറഞ്ഞു.
ഡ്രൈവിങ് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഗതാഗത വകുപ്പ് ഉയര്‍ന്ന നിലവാരത്തിലുള്ള പ്രായോഗിക പരീക്ഷ തുടങ്ങി. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തുന്ന പരീക്ഷ 20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. വാഹനമോടിക്കുന്നവരുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് കൂടിയാണ് പ്രായോഗിക പരീക്ഷ നടത്തുന്നത്.
യന്ത്രഭാഗങ്ങളും അവയുടെ പ്രവര്‍ത്തനവും മനസിലാക്കുന്നതിനുള്ള പരിശീലനവും അതിനോടനുബന്ധിച്ച് പരീക്ഷയും ഗതാഗത വകുപ്പ് നടത്തുന്നുണ്ടെന്നും ബ്രിഗേഡിയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it