Kottayam Local

പുതിയ ടൂറിസം വികസന പദ്ധതിയില്‍ എരുമേലിയും

എരുമേലി: അടുത്ത ശബരിമല സീസണില്‍ വൃത്തിയുള്ള നഗരമാക്കാനുള്ള കലക്ടറുടെ മാസ്റ്റര്‍ പ്ലാനിനൊപ്പം എരുമേലി ടൂറിസം സങ്കേതം കൂടിയാക്കാന്‍ പദ്ധതി.
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് നടത്തിയ പഠന സര്‍വേയുടെ ഫലമായി 40 ടൂറിസം സങ്കേതങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയിലാണ് എരുമേലിയും ഉള്‍പ്പെട്ടത്. ആദ്യം നടപ്പിലാക്കുന്ന 10 സങ്കേതങ്ങളുടെ പട്ടികയിലാണ് എരുമേലി. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജ്ഞാപനത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പദ്ധതിക്ക് അനുമതി ലഭിച്ചതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാനാകും.
സര്‍ക്കാര്‍ പൊതുജന സ്വകാര്യ നിക്ഷേപ കൂട്ടായ്മയായ പബ്ലിക്ക് പീപ്പിള്‍ പ്രൈവറ്റ് അഥവാ പിപിപി മോഡലിനാണ് പദ്ധതി നടപ്പിലാക്കുക. ഇതില്‍ സര്‍ക്കാര്‍ നിക്ഷേമായി 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് സ്ഥലം നല്‍കുന്നവരും നിക്ഷേപകരാകും. ദേവസ്വം, വഖഫ് ബോര്‍ഡ് തുടങ്ങിയവക്ക് പദ്ധതികള്‍ ഏറ്റെടുക്കാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കി പങ്കാളികളാകാം. ദീര്‍ഘ വീക്ഷണം നിറഞ്ഞ ആസൂത്രണത്തോടെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുക. തണല്‍ മരങ്ങള്‍ നിറഞ്ഞ പാര്‍ക്കിങ് മൈതാനങ്ങള്‍ മനോഹരമായ തോട്ടങ്ങള്‍, തിരക്കുകുറഞ്ഞ റോഡുകള്‍, സുലഭമായി ശുദ്ധജലം, അതിഥി മന്ദിരങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അത്യാധുനിക ആതുര സേവനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന രൂപരേഖയാണ് തയ്യാറാക്കുക.
ശബരിമല തീര്‍ത്ഥാടന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി എരുമേലിയില്‍ 100 കോടി രൂപ ചെലവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
തീര്‍ഥാടകര്‍ സ്‌നാനത്തിനായി ഉപയോഗിക്കുന്ന വലിയതോട് ഉദ്യാന ജലാശയമായി മാറ്റി മനോഹരമാക്കുന്നതിന് പ്രത്യേക പദ്ധതിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ഫണ്ട് ലഭിച്ചിരുന്നില്ല.
അടുത്ത സീസണില്‍ ടൗണ്‍ റോഡ് വാഹന വിമുക്തമാക്കി റിംഗ് റോഡുകള്‍ നിര്‍മിക്കുന്നതിനും ശുചിത്വം നിറഞ്ഞ കേന്ദ്രമായി മാറ്റുന്നതിനും കലക്ടര്‍ യു വി ജോസ് ചെന്നൈയിലെ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം ഏകോപിപ്പിച്ച് ടൂറിസം വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സഹായത്തോടെ എരുമേലിക്ക് സുസ്ഥിര വികസനമുറപ്പാക്കുകയാണ് സങ്കേതത്തിലൂടെ ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it