പുതിയ ഐഎഎസുകാര്‍ക്ക് ആര്‍എസ്എസ് നേതാവിന്റെ ക്ലാസ്

ന്യൂഡല്‍ഹി: ഐഎഎസിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആര്‍എസ്എസ് നേതാവിന്റെ ക്ലാസ്. ഈവര്‍ഷം ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച 600ല്‍പരം വിദ്യാര്‍ഥികള്‍ക്കാണ് ഈമാസം 17ന് ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാല്‍ ഡല്‍ഹിയില്‍ ക്ലാസെടുക്കുന്നത്.
യൂനിയന്‍ പബ്ലിക് സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ച ഡല്‍ഹിയില ടിനാ ദാബിയും ജമ്മുവിലെ അനന്ത്‌നാഗ് സ്വദേശി ആതര്‍ ആമിറും അടക്കമുള്ളവര്‍ ക്ലാസില്‍ പങ്കെടുത്തേക്കും.
ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള 'സങ്കല്‍പ്' വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതിയവരാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. ഡല്‍ഹിയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 കേന്ദ്രങ്ങളാണ് ഈ സ്ഥാപനത്തിനുള്ളത്. 'ഞങ്ങളുടെ സ്ഥാപനത്തിലെ വിജയ ശതമാനം വളരെ ഉയര്‍ന്നതാണെന്നും ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ ദാബിയും ആമിറും ഈകേന്ദ്രത്തില്‍ നിന്ന് ഇന്റര്‍വ്യൂ അടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നേടിയവരാണെന്നും 'സങ്കല്‍പ് ' കോ-ഓഡിനേറ്റര്‍ പ്രകാശ് പറഞ്ഞു. ഈവര്‍ഷം യോഗ്യത നേടിയ 1078 പേരില്‍ 646 പേരും ഈസ്ഥാപനത്തില്‍ നിന്ന് പരിശീലനം നേടിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
താന്‍ സങ്കല്‍പില്‍ പരിശീലനം നേടിയിട്ടുണ്ടെന്നും പ്രത്യേക ഫീസ് ഈടാക്കാതെ ഇവിടെ മെച്ചപ്പെട്ട പരിശീലനം നല്‍കുന്നുണ്ടെന്നും ആമിര്‍ ഒരു മാധ്യമത്തോട് പറഞ്ഞു. എന്നാല്‍ 17ന് നടക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ സര്‍വീസിലുള്ള അയ്യായിരത്തോളം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഈസ്ഥാപനത്തില്‍ ക്ലാസെടുക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഓരോ സംസ്ഥാനത്തില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ഐഎഎസിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈസ്ഥാപനത്തില്‍ പരിശീലനം നേടിയവരാണെന്നും കോ-ഓഡിനേറ്റര്‍ പറഞ്ഞു.
ശരിയായ ഇന്ത്യന്‍ മൂല്യബോധവും ധര്‍മചിന്തയുമുള്ള, ഒരു കൂട്ടം ഉദ്യോഗസ്ഥ വര്‍ഗത്തെ വാര്‍ത്തെടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it