kozhikode local

പുതിയപാലത്ത് ഉല്‍സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

കോഴിക്കോട്: ഉല്‍സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. പുതിയപാലം തളി റോഡില്‍ ഇന്നലെ സന്ധ്യയോടെയായിരുന്നു ആന ഇടഞ്ഞത്. പുതിയപാലം, കല്ലുത്താന്‍കടവ്, പരിസരത്തെ ജനം മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ഇടഞ്ഞ ആനയുടെ പുറത്തുണ്ടായിരുന്ന പരികര്‍മ്മി ഇടഞ്ഞതോടെ താഴേക്ക് ചാടി രക്ഷപ്പെട്ടു. പാപ്പാനുമായി ഉണ്ടായ ഇടച്ചിലാണ് കാരണമെന്നു പറയുന്നു. വേങ്ങര സ്വദേശി വിജിയുടെ ഉടമസ്ഥയിലുള്ള അമ്പാടികണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞോടിയ ആനപ്പുറത്തുനിന്ന് പുതിയപാലം അങ്കണവാടിക്കടുത്ത കെട്ടിടത്തിലേക്കും പിന്നീട് പോസ്റ്റിലേക്കും കയറി രക്ഷപ്പെട്ട പാപ്പാന് തൊട്ടുതാഴെ മണിക്കൂറുകളോളം ആന ഇടഞ്ഞുനിന്നു. പുതിയപാലം ഭാഗത്തെ മൂന്നു വാഹനങ്ങളും മതിലുകളും ആന ഇടിച്ചുതകര്‍ത്തു. വളയനാട് ദേവീ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ഉല്‍സവത്തിന്റെ പ്രഥമ ചടങ്ങായ നാന്തകം വാള്‍ തളി ക്ഷേത്രത്തില്‍ നിന്നു വളയനാട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോവുന്നതിനിടയിലായിരുന്നു സംഭവം.
സംഭവമറിഞ്ഞ ഉടനെ കനത്ത പോലിസ് സന്നാഹം സംഭവസ്ഥലത്തെത്തി. തളിറോഡ്, ജയില്‍റോഡ്, കല്ലുത്താന്‍കടവ് ജങ്ഷന്‍, ചാലപ്പുറം-പുതിയപാലം റോഡ് ഭാഗങ്ങളിലേക്കുള്ള വഴികള്‍ അടച്ചു. കല്ലുത്താന്‍കടവിലെ നൂറുകണക്കിന് കുടിലുകളിലെ സ്ത്രീകളെ നാട്ടുകാര്‍ ചേര്‍ന്ന് കസബ പോലിസ് സ്‌റ്റേഷന്‍ കോംപൗണ്ടിലെ അഗതിമന്ദിരത്തിലേക്ക് മാറ്റി.
രോഗികളേയും കുട്ടികളേയും വാഹനങ്ങളില്‍ കയറ്റിയാണ് സുരക്ഷിത താവളത്തിലേക്ക് മാറ്റിയത്.ആന ഇടഞ്ഞ വാര്‍ത്ത പരന്നതോടെ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൃശൂരില്‍ നിന്നു ആനയെ മയക്ക് വെടിവച്ച് തളയ്ക്കാനായി ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എത്തുന്നതുവരെയും പ്രദേശത്തെ ജനം ഭയവിഹ്വലരായി കഴിയുകയായിരുന്നു. തളി, പാളയം, ചാലപ്പുറം, ഭാഗങ്ങളിലായി പുതിയപാലം നിവാസികള്‍ വീട്ടിലെത്താനാവാതെ റോഡില്‍ തങ്ങി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മണിക്കൂറുകളോളം റോഡില്‍ നിന്നു.
Next Story

RELATED STORIES

Share it