kasaragod local

പുകവലി നിരോധന ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും നിര്‍ബന്ധമാക്കും

കാസര്‍കോട്: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പുകവലി നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കോട്പ ജില്ലാതല സമിതി യോഗം തീരുമാനിച്ചു. എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലെ കടകളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന കര്‍ശനമായി തടയുന്നതിന് സംയുക്ത റെയ്ഡ് ശക്തമാക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ പാന്‍പരാഗ് പോലുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജില്ലയിലേക്ക് കടത്തുന്നതായി പരാതിയുണ്ട്. ഇതു തടയാന്‍ റെയ്ഡ് ശക്തമാക്കും. മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജില്ലാ തലത്തിലും റെയ്ഡ് നടത്തും. റവന്യൂ, എക്‌സൈസ്, പോലിസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുദ്യോഗസ്ഥുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുക. മഞ്ചേശ്വരം താലൂക്കില്‍ നടത്തിയ റെയ്ഡില്‍ ഏഴുകേന്ദ്രങ്ങളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.
കോളജുകള്‍ക്ക് സമീപവും റെയ്ഡ് ശക്തമാക്കും. പുകവലിക്കെതിരായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കും. തീരദേശങ്ങളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടിവരുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ പരിശോധന നടത്തും.
ഡെപ്യൂട്ടി ഡിഎംഒ ഡോ. എം സി വിമല്‍രാജ്, എക്‌സൈസ് സിഐ വിനോദ് ബി നായര്‍, ഹോസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ പി കെ ശോഭ, വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ എസ് സുജാത, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ പി ജയരാജന്‍, മോഹനന്‍ മാങ്ങാട്, കാസര്‍കോട് ഗവ.കോളജ് അസി.പ്രഫ. എം ഡി രാജു, മഞ്ചേശ്വരം ഗവ. കോളജ് അസി. പ്രഫ. കെ സാജന്‍, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എ ഭരതന്‍ നായര്‍, ടി രാജന്‍, കെ പുഷ്പലത, പി വി രാജേന്ദ്രന്‍, കെ ദേവദാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it