പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍നിന്നും അരലക്ഷം വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. പാഴ്‌സല്‍ ഓഫിസിനു മുന്നില്‍ നിന്നാണ് റെയില്‍വേ പോലിസ് ചാക്കുകെട്ടുകളില്‍ ഒളിപ്പിച്ച നിലയില്‍ ഇവ പിടിച്ചെടുത്തത്. ഈവര്‍ഷം മാത്രം ഇതു രണ്ടാം തവണയാണ് ഇത്രയധികം പാഴ്‌സല്‍ പുകയില പൊലിസ് പിടിച്ചെടുക്കുന്നത്. വ്യാജ മേല്‍വിലാസത്തില്‍ അയച്ചിരിക്കുന്നതിനാല്‍ പ്രതിയെ കണ്ടെത്താനായിട്ടില്ല. ഉത്തരേന്ത്യന്‍ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്.
പിടിച്ചെടുത്തവയുടെ മൂല്യം 50,000 രൂപയാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും വിപണിയിലെത്തുമ്പോള്‍ അഞ്ചിരട്ടി വരെ വില ഈടാക്കിയാണ് വില്‍ക്കാറുള്ളതെന്നും പോലിസ് പറയുന്നു. ഇത്തരത്തില്‍ അനധികൃതമായി എത്തിക്കുന്ന പാഴ്‌സല്‍ പുകയില ഉല്‍പന്നങ്ങള്‍ ആരുമറിയാതെ കടത്തുന്നതിനായി പ്രത്യേക കണ്ണികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലിസ് പറഞ്ഞു.
പോലിസ് വിവരമറിഞ്ഞെന്നു മനസ്സിലാവുന്നതോടെ ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത പുകയില കടത്തിയത് ചെന്നൈ വണ്ടിയിലാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എഎസ്‌ഐ സോമന്‍, അജിത്കുമാര്‍, സീനിയര്‍ സിപിഒ ഷാബു, സിപിഒമാരായ നെല്‍സന്‍ മാത്യു, വിജയന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ ജനുവരി നാലിനും പുകയില ഉല്‍പന്നങ്ങളുടെ ശേഖരം റെയില്‍വേ പോലിസ് പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it