Districts

പീറ്റര്‍ ടെയ്‌ലറിന്റെ പിന്‍മാറ്റം കേരള ബ്ലാസ്‌റ്റേഴ്‌സിനെ ബാധിച്ചിട്ടില്ല: ട്രെവര്‍ മോര്‍ഗന്‍

കൊച്ചി: ഹെഡ് കോച്ച് പീറ്റര്‍ ടെയ്‌ലറിന്റ പാതി വഴിയില്‍വച്ചുള്ള പിന്‍മാറ്റം ബ്ലാസ്റ്റേഴ്‌സിന് ക്ഷീണം ചെയ്യില്ലെന്ന് കെയര്‍ടേക്കര്‍ കോച്ച് ട്രെവര്‍ മോര്‍ഗന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്‍സരങ്ങള്‍ക്കിടെ കോച്ച് രാജിവയ്ക്കുന്നത് ഫുട്‌ബോളില്‍ സാധാരണമാണ്. അത് ടീമിനെയോ കളിക്കാരെയോ ബാധിച്ചിട്ടില്ല. ടീമംഗങ്ങളിലോ മാനേജ്‌മെന്റ് തലത്തിലോ ഏതെങ്കിലും വിധത്തിലുള്ള അസ്വാരസ്യങ്ങളില്ല. ഹോം ഗ്രൗണ്ടില്‍ പുതിയ തുടക്കത്തിനാണ് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്.

ചെന്നൈ ശക്തരായ ടീമാണ്. അവര്‍ക്കെതിരേ സമ്മര്‍ദ്ദങ്ങളില്ലാതെ കളിച്ചു ജയിക്കുകയാണു ലക്ഷ്യം. വിജയം അനിവാര്യമാണ്. വിജയിക്കാതെ മുന്നോട്ടുപോവാനാവില്ല. ഗോള്‍ നേടാനും മുന്നോട്ടുപോവാനും പ്രാപ്തമായ ഒരു ടീമിനെയാവും കളത്തിലിറക്കുക. ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രമിക്കും. തോറ്റ കളികളില്‍പ്പോലും നന്നായി കളിച്ചിരുന്നു. നിര്‍ഭാഗ്യംകൊണ്ടും ചെറിയ മാര്‍ജിനിലുമാണ് തോറ്റത്. തെറ്റിയും തിരുത്തിയുമാണു കഴിഞ്ഞ സീസണിലും ബഌസ്റ്റേഴ്‌സ് കളിച്ചത്. എന്നാല്‍ അതിനൊന്നും ശിക്ഷിക്കപ്പെട്ടില്ല. ഈ സീസണില്‍ കാര്യം മാറി. ഒരു ചെറിയ തെറ്റിനു പോലും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ഹോംഗ്രൗണ്ടിലെ ജയത്തിലൂടെ പുതിയൊരു തുടക്കമാണു പ്രതീക്ഷിക്കുന്നതെന്നും ട്രെവര്‍ മോര്‍ഗന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it