Idukki local

പീരുമേട് താലൂക്കിലെ പട്ടയ നടപടികളില്‍ പുരോഗതിയില്ല; കെട്ടിക്കിടക്കുന്നത് പതിനായിരത്തോളം അപേക്ഷകള്‍

വണ്ടിപ്പെരിയാര്‍: പീരുമേട് താലൂക്ക് ഓഫിസില്‍ കെട്ടിക്കിടക്കുന്നത് പതിനായിരത്തോളം പട്ടയ അപേക്ഷകള്‍. പീരുമേട് താലൂക്കിലെ വില്ലേജുകളായവാഗമണ്‍-1823, പെരിയാര്‍-880,കുമളി-2011,ഉപ്പുതറ-387,ഏലപ്പാറ-1292,മഞ്ചുമല-673, തുടങ്ങിയ വില്ലേജുകള്‍ വഴി 7066 പട്ടയ അപേക്ഷകളാണ് ലഭിച്ചത്.
ഇതിനു പുറമെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച 2752 അപേക്ഷകളും,ഒന്നര മാസം മുന്‍പ് ലഭിച്ച 56 അപേക്ഷകളും അടക്കം കെട്ടിക്കിടക്കുന്നത് 9874 അപേക്ഷകളാണ്.
ഇതില്‍ 7122 അപേക്ഷകളുടെ നടപടി ക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടു പോലുമില്ല.2752 അപേക്ഷകളുടെ നടപടി ക്രമങ്ങള്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്നതായി അധികൃതര്‍ പറയുന്നു.
324 അപേക്ഷകര്‍ക്ക് മാത്രമെ പട്ടയം ലഭിച്ചിട്ടുള്ളു. താലൂക്ക് അടിസ്ഥാനത്തില്‍ വില്ലേജുകള്‍ വഴി സ്വീകരിച്ചവയില്‍ പീരുമേട് താലൂക്കില്‍ ലഭിച്ച അപേക്ഷകളാണ് യാതൊരു നടപടികളും പൂര്‍ത്തിയാകാതിരിക്കുന്നത്.
പട്ടയ അപേക്ഷകള്‍ കൂടിക്കിടക്കുന്നതിനെ തുടര്‍ന്ന് ഒന്നര മാസം മുമ്പ് പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടി സ്‌പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചിരുന്നു.
ഓഫിസും ആരംഭിച്ചെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ലാത്തതും, വാഹന സൗകര്യം ഇല്ലാത്തതും പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് പീരുമേട് താലൂക്കിലെ ചുമതലയ്ക്ക് പുറമെ മൂന്നാറിലും അധിക ചുമതലയുണ്ടായിരുന്നു.
അതിനാല്‍ തന്നെ ആഴ്ച്ചയില്‍ മൂന്നു ദിവസം മാത്രമാണ് പീരുമേട് താലൂക്കിലുള്ളത്.
2752 അപേക്ഷകള്‍ നടപടികള്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ച് വരികയാണെന്നു അധികൃതര്‍ പറയുന്നുണ്ടെങ്കിലും പട്ടയ നടപടികള്‍ക്കായി സ്‌പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചതോടെ വീണ്ടും റീസര്‍വേ നടത്താനും സാധ്യതയുണ്ട്.
അതിനാല്‍ തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച അപേക്ഷകരുടെ പട്ടയം ലഭിക്കാനു കാലതാമസമെടുക്കും.
Next Story

RELATED STORIES

Share it