Idukki local

പീരുമേട് ടീ കമ്പനി പ്രവര്‍ത്തനം പ്രതിസന്ധിയില്‍; തൊഴിലാളികള്‍ക്ക് നാലുമാസമായി ശമ്പളമില്ല

തൊടുപുഴ : പീരുമേട് ടീ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ തോട്ടം വീണ്ടും തൊഴിലാളികള്‍ക്ക് വീതിച്ചു നല്‍കാന്‍ ആലോചിക്കുന്നു.
ഒരു വ്യാഴവട്ടത്തിലധികം പൂട്ടിക്കിടന്ന പീരുമേട് ടീ കമ്പനി തുറന്ന് ഒരു വര്‍ഷത്തിനപ്പുറം വീണ്ടും പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ശമ്പള കുടിശികയും മറ്റു ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ പ്രകോപിതരാണ്. ഇതേത്തുടര്‍ന്ന് തോട്ടം ഉടമകളുമായി നിരവധി തവണ ട്രേഡ് യൂനിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കമ്പനിയിലെ തേയിലക്കാടുകള്‍ തൊഴിലാളികള്‍ക്കു വീതിച്ചു നല്‍കാന്‍ ഒരുങ്ങുന്നത്. വീതിച്ചു നല്‍കുന്ന സ്ഥലത്തു നിന്ന് തേയില കൊളുന്തെടുത്ത് വിറ്റ് ഉപജീവന മാര്‍ഗം നടത്താനാണ് ഇവരുടെ പദ്ധതി. 2000ല്‍ തോട്ടം പൂട്ടിയശേഷം 2014 വരെയുള്ള കാലയളവില്‍ ഇതേ രീതിയില്‍ തൊഴിലാളികള്‍ വീതിച്ചെടുത്ത തേയിലക്കാടുകളില്‍ നിന്ന് കൊളുന്ത് നുള്ളിയാണ് ജീവിതം നയിച്ചിരുന്നത്. എന്നാല്‍ തോട്ടം തുറന്നതോടെ ഇവര്‍ ഏറെ പ്രതീക്ഷയിലായിരുന്നെങ്കിലും ഇത് ഏറെ നാള്‍ നീണ്ടില്ല.
തോട്ടം ഉടമകളില്‍ നിന്ന് പാട്ടത്തിനെടുത്ത പാട്ടക്കാരനാണ് നിലവില്‍ തോട്ടം നടത്തുന്നത്. എന്നാല്‍ വന്‍ സാമ്പത്തിക ബാധ്യത മൂലം തോട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. തോട്ടം മാനേജ്‌മെന്റ് കരാര്‍ വയ്ക്കുന്ന സമയത്ത് നല്‍കിയ ഉറപ്പ് പാലിക്കാത്തതും പാട്ടക്കാരന് വിനയായി. തൊഴിലാളികള്‍ക്ക് നാലുമാസമായി ശമ്പളം പോലും ലഭിക്കുന്നില്ല. ഇതിനാലാണ് തൊഴിലാളികള്‍ക്കു വീതിച്ചു നല്‍കാന്‍ യൂനിയനുകള്‍ ആലോചിക്കുന്നത്. കൊളുന്ത് നുള്ളിയെടുത്ത് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ മറ്റു തോട്ടങ്ങളില്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന കാലത്തേക്കാള്‍ മോശമാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it