Idukki local

പീരുമേട്ടില്‍ പോളിങ് ശതമാനം കൂടി; അങ്ങിങ്ങ് അനിഷ്ട സംഭവങ്ങള്‍

കുമളി: പീരുമേട്ടില്‍ 71.4 ശതമാനം പോളിങ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ ഇക്കുറി വോട്ടുചെയ്തു. 69.74 ശതമാനമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ്.ഏതാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയാല്‍ തോട്ടം മേഖലയിലെ വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു.
ആദിവാസി ഗ്രാമപ്പഞ്ചായത്ത് അംഗത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി ഉയര്‍ന്നു. കുമളി ഗ്രാമപ്പഞ്ചായത്ത് അംഗവും ആദിവാസിയുമായ പി ബിജു (34)വിനാണ് പരിക്കേറ്റത്. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്ന വോട്ടറെ ബിജു വാഹനത്തില്‍ പോളിങ് സ്‌റ്റേഷനില്‍ എത്തിച്ചത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേദ്യം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബിജുവിനെ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ പണം സൂക്ഷിച്ചിരിക്കുന്നവെന്ന പരാതിയെ തുടര്‍ന്ന് പീരുമേട് സ്വദേശിനിയായ അണ്ണാഡിഎംകെ പ്രവര്‍ത്തകയുടെ വീട്ടിലും വാഹനത്തിലും പോലിസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടു കിട്ടിയില്ല.
ഇതിന്റെ പേരിലുണ്ടായ വാക്ക് തര്‍ക്കം മൂത്തെങ്കിലും പോലിസിന്റെ ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി. മോക്‌പോള്‍ പൂര്‍ത്തിയാക്കി പീരുമേട് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും രാവിലെ ഏഴ് മണിയോടെ തന്നെ പോളിങ് ആരംഭിച്ചു. പുലര്‍ച്ചെയോടെ മഴ ആരംഭിച്ചത് ആശങ്കയ്ക്കിടയാക്കിയെങ്കിലും പോളിങ് ശതമാനത്തെ കാര്യമായി ബാധിച്ചില്ല.
Next Story

RELATED STORIES

Share it