പീയൂഷ് ഗോയലും ചിദംബരവും രാജ്യസഭാ അംഗങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം എന്നിവര്‍ മഹാരാഷ്ട്രയില്‍ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ ഉച്ചയ്ക്കാണ് അവസാനിച്ചത്. ആറു പേരാണ് മഹാരാഷ്ട്രയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍(എന്‍സിപി), ബിജെപിയുടെ വിനയ് സഹസ്രാബ്ദെ, വികാസ് മഹാത്മെ, ശിവസേനയുടെ സഞ്ജയ് റൗട്ട് എന്നിവരാണ് ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. ചിദംബരം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. അതേസമയം മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കു മല്‍സരിച്ച മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ അടക്കം 10 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസാദ് ലാഡ്, മനോജ് കോതക് എന്നീ സ്ഥാനാര്‍ഥികള്‍ മല്‍സരത്തില്‍ നിന്നു പിന്മാറിയിരുന്നു. ആന്ധ്രപ്രദേശില്‍ നിന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി വി സത്യനാരായണ ചൗധരി എന്നിവര്‍ രാജ്യസഭയിലേക്ക് ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്ര നിയമസഭാ കൗണ്‍സിലിലേക്ക് ടി ജി വെങ്കിടേശ്, വി വിജയ്‌സായ് റെഡ്ഡി എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിഹാറില്‍ നിന്ന് ജെഡിയു നേതാവ് ശരത് യാദവ്, സുപ്രിംകോടതി അഭിഭാഷകന്‍ രാംജത് മലാനി, ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി എന്നിവരും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it