പീഡന കേസുകളിലെ പ്രതികളുടെ പട്ടിക പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന്

തൊടുപുഴ: ഓരോ പ്രദേശത്തും ലൈംഗിക അതിക്രമികളുടെ പട്ടിക പോലിസ് തയ്യാറാക്കി പൊതുസ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് പത്മശ്രീ ബഹുമതി നേടിയ സ്ത്രീവിമോചന പ്രവര്‍ത്തക ഡോ. സുനിത കൃഷ്ണന്‍. മറ്റു ക്രിമിനലുകളുടെ ചിത്രമടക്കം പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കാമെങ്കില്‍ െൈലംഗിക കുറ്റവാളികളെക്കുറിച്ചും അവബോധമുണ്ടാകണം.
കേന്ദ്ര സര്‍ക്കാരിനെ മൂന്നു തവണ കോടതി കയറ്റിയ തനിക്ക് പത്മശ്രീ നല്‍കുന്നത് ഒരു പക്ഷെ ഒതുക്കാനാവാമെന്നും സുനിത ഇടുക്കി പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു. പീഡനത്തിലെ ഇരകളെ കേന്ദ്രീകരിച്ചിട്ടുളള റിപോര്‍ട്ടിംഗ് രീതി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. പീഡനത്തിലെ ഇരകളുടെ സ്ഥലനാമങ്ങള്‍ പൊലിപ്പിച്ചുകാണിക്കുന്ന മാധ്യമരീതി ഒരു നാടിനെ മുഴുവന്‍ അപമാനിക്കുന്നതാണ്. ലൈംഗിക അതിക്രമകേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവകാശം അവസാനിപ്പിക്കണം. പരമാവധി ഒരു വര്‍ഷത്തിനകം ഇത്തരം കേസുകളില്‍ വിധിയുണ്ടാവണം. ഇന്ത്യയാണ് ലൈംഗിക വ്യാപാരത്തിനു വേണ്ടിയുളള മനുഷ്യക്കച്ചവടത്തില്‍ ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ വര്‍ഷം മാത്രം ഒന്നരക്കോടി ആളുകളാണ് ഇന്ത്യയില്‍ മനുഷ്യക്കച്ചവടത്തിന് ഇരയായത്. മുമ്പ് പ്രേമം, ജോലി, വിവാഹം എന്നിവയാണ് മനുഷ്യക്കച്ചവടത്തിന് സാഹചര്യം ഒരുക്കിയിരുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ന് മനുഷ്യക്കച്ചവടത്തിന്റെ വ്യാപ്തിയും സാധ്യതകളും ഇരട്ടിയാക്കി. സാങ്കേതിക വിദ്യയിലൂടെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നാലു കേസുകള്‍ കേരളത്തില്‍ വിജയകരമായി കൈകാര്യം ചെയ്‌തെങ്കിലും ആയിരക്കണക്കിന് കേസുകളില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു.
Next Story

RELATED STORIES

Share it