പി സി ജോര്‍ജിനെ പുറത്താക്കി: ടി എസ് ജോണ്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി നിലപാട് എടുക്കുന്നതിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് സെക്കുലറില്‍ കലാപക്കൊടി. എല്‍ഡിഎഫിന് അനൂകൂലമായ നിലപാടെടുക്കുകയും നേതാക്കളെ വ്യക്തിഹത്യ നടത്തുകയും ചെയ്തതിന് പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ ടി എസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലറില്‍ പ്രത്യേക ക്ഷണിതാവായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരായി പി സി ജോര്‍ജ് നിരന്തരമായി പ്രസ്താവനകള്‍ നടത്തുകയും ഉന്നതരെ വ്യക്തിഹത്യ ചെയ്യുകയും എല്‍ഡിഎഫിനുവേണ്ടി വാദിക്കുകയും ചെയ്യുകയാണ്. നിരവധി തവണ ജോര്‍ജിനോട് സംയമനം പാലിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിനു തയാറാവാത്ത സാഹചര്യത്തിലാണ് നടപടിയെന്നും ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചതിനു ശേഷം ഒരു മുന്നണിയുമായും ബന്ധമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി പ്രാദേശിക ധാരണയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു തീരുമാനം.
എന്നാല്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ചില പഞ്ചായത്തുകളിലൊഴിച്ച് കേരളത്തിലെ ഒരു തദ്ദേശ സ്ഥാപനത്തിലും ഒരു സീറ്റു പോലും പാര്‍ട്ടിക്ക് എല്‍ഡിഎഫ് നല്‍കിയില്ല. യുഡിഎഫോ ബിജെപിയോ ജയിച്ചാലും കേരള കോണ്‍ഗ്രസ് സെക്കുലറിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫും സിപിഎമ്മും പ്രവര്‍ത്തിച്ചതെന്നും ജോണ്‍ ആരോപിച്ചു.
വരാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലേതുപോലെ പ്രാദേശികാടിസ്ഥാനത്തില്‍ പാര്‍ട്ടിയെ സഹകരിപ്പിക്കാമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രാദേശിക സഹകരണത്തിന് ഇനി തയ്യാറല്ലെന്നും ജോണ്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പഴയിടം, ജില്ലാ പ്രസിഡന്റ് റോണി മാത്യു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it