പി വി ജോണിന്റെ മരണം; തന്നെ പ്രതിയാക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നു: ഡിസിസി പ്രസിഡന്റ്

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പരാജയത്തിലെ മനോവിഷമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ പ്രതിയാക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് വയനാട് ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി വി ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ശക്തമായ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് എതിര്‍വാദമുഖങ്ങളുമായി രംഗത്തെത്തിയത്. തനിക്കെതിരേ ചിലര്‍ ഗൂഢാലോചന നടത്തുകയാണ്. ഇതിനു പിന്നില്‍ പാര്‍ട്ടിയില്‍ തന്നെയുള്ളവരാണോ എന്ന ചോദ്യത്തിനു തന്റെ രാഷ്ട്രീയ ശത്രുക്കളാണ് എന്നായിരുന്നു പ്രതികരണം.
ഒരു നേതാവിന്റെ ദാരുണമായ മരണത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ്. താന്‍ പി വി ജോണിന്റെ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയില്ലെന്നു പറയുന്നതില്‍ കഴമ്പില്ല. പ്രചാരണ കണ്‍വന്‍ഷന്‍ താനാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അധികാരമില്ലാത്തതിനാലാണ് ജോണിന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപണവിധേയയായ ഡിസിസി സെക്രട്ടറി സില്‍വി തോമസിനെതിരേ നടപടിയെടുക്കാത്തത്. പരാതി കിട്ടിയാല്‍ നടപടിക്കു ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം ജോണിനെ ഞാന്‍ ഫോണില്‍ വിളിച്ചു പോയി മരിക്കാന്‍ പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ജോണിന്റെ ഭാര്യ മറിയാമ്മ നടത്തിയ വെളിപ്പെടുത്തലുകളില്‍ അടിസ്ഥാനമില്ല.
ഇതുസംബന്ധിച്ച് ഏതന്വേഷണത്തിനും തയ്യാറാണ്. ജോണിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല. പോസ്റ്ററുകള്‍ പതിക്കുന്ന സേവ് കോണ്‍ഗ്രസ് ഫോറത്തിനു പിന്നില്‍ കോണ്‍ഗ്രസ്സുകാരല്ല. യാഥാര്‍ഥ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ നടത്താന്‍ കഴിയില്ല. ജില്ലയില്‍ നേതൃമാറ്റമുണ്ടായേക്കുമെന്നത് തെറ്റായ വാര്‍ത്തയാണ്. നിലവില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കെ എല്‍ പൗലോസ് പറഞ്ഞു.
Next Story

RELATED STORIES

Share it