wayanad local

പി വി ജോണിന്റെ ആത്മഹത്യ; റിപോര്‍ട്ട് പഠിച്ച ശേഷം നടപടി: വി എം സുധീരന്‍

മാനന്തവാടി: ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പഠിച്ചശേഷം ആവശ്യമെങ്കില്‍ നടപടികളെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇന്നലെ ഉച്ചയോടെ ജോണിന്റെ വീട്ടിലെത്തിയ സുധീരന്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ശേഖരിക്കാനും കെപിസിസിക്ക് കൈമാറാനും കാലതാമസം വന്നതു കണ്‍വീനറുടെ ആരോഗ്യപരമായ കാരണങ്ങളാലാണെന്നും സുധീരന്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.30ഓടെയാണ് സുധീരന്‍ പയ്യംപള്ളിയിലെ ജോണിന്റെ വീട്ടിലെത്തിയത്. ജോണിന്റെ കുടുംബാംഗങ്ങളുമായി അരമണിക്കൂര്‍ അടച്ചിട്ട മുറിയിലിരുന്നു സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചുരുക്കം ചില നേതാക്കളും പ്രവര്‍ത്തകരും മാത്രമാണ് ജോണിന്റെ വീട്ടിലെത്തിയത്. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റിനെയും ജോണിന്റെ മകനെയും മാത്രമാണ് സന്ദര്‍ശന വിവരം അറിയിച്ചതെന്നാണ് പറയപ്പെടുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ പി വി ബാലചന്ദ്രന്‍, കെ കെ അബ്രഹാം, എന്‍ ഡി അപ്പച്ചന്‍, പി കെ അനില്‍കുമാര്‍, അച്ചപ്പന്‍ കുറ്റിയോട്ടില്‍ എന്നിവരായിരുന്നു വി എം സുധീരനോടൊപ്പമുണ്ടായിരുന്നത്. ഇതിനിടെ, ഡിസിസി പ്രസിഡന്റിനെതിരേ നടപടിയുണ്ടാവുമെന്നു കോണ്‍ഗ്രസ്സിനുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. അന്വേഷണ റിപോര്‍ട്ട് ലഭിച്ചിട്ടും നടപടിക്ക് മുമ്പായി പ്രസിഡന്റ് തന്നെ നേരിട്ട് ജോണിന്റെ വീട്ടിലെത്തിയതും കുടുംബക്കാരുമായി സംസാരിച്ചതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തുന്നത്. റിപോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നടപടികളുണ്ടാവുക.
Next Story

RELATED STORIES

Share it