പി രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം/കണ്ണൂര്‍: ഡിസിസി നേതൃത്വത്തിനും കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരനുമെതിരേ സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചതിനു കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായ പി രാമകൃഷ്ണനു കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
തിരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനുവേണ്ടി ചേര്‍ന്ന കെപിസിസി യോഗത്തില്‍ അഭിപ്രായം പറയാന്‍ അവസരം ലഭിച്ച ശേഷവും വിവാദപരമായ പ്രസ്താവന പരസ്യമായി നടത്തിയതിനാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വിശദീകരണം ആവശ്യപ്പെട്ടത്. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം.
കണ്ണൂരിലെ ദുര്‍ബലമായ നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തിനു കാരണമെന്നും ഒരു നേതാവിന്റെ അടിമയായാണ് ഡിസിസി പ്രസിഡന്റ് പെരുമാറുന്നതെന്നും തുടങ്ങി രൂക്ഷമായ ഭാഷയിലാണ് പി രാമകൃഷ്ണന്‍ ആഞ്ഞടിച്ചത്.
സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെല്ലാം ഇവിടത്തെ ഒരു മുതിര്‍ന്ന നേതാവാണ്. അയാളുടെ പെട്ടിതൂക്കികളെയും ആശ്രിതന്‍മാരെയുമാണ് പരിഗണിച്ചത്. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരെ തഴഞ്ഞു. ഇതിന്റെ ഫലമാണ് കോര്‍പറേഷനിലുള്‍പ്പെടെയുണ്ടായ തോല്‍വി. പാര്‍ട്ടിയെ പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. പകുതി സീറ്റുകളില്‍ എതിര്‍സ്ഥാനാര്‍ഥിയില്ലാതെ സിപിഎം ജയിച്ച ആന്തൂര്‍ നഗരസഭയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ ഡിസിസി നേതൃത്വം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും പി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
കെപിസിസിയുടെ നോട്ടീസ് സംബന്ധിച്ച കത്ത് ലഭിച്ചതായി ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it