പി പി മുകുന്ദന്‍ വീണ്ടും ബിജെപിയില്‍

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ ബിജെപിയില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ തിരുവനന്തപുരം മാരാര്‍ജി ഭവനിലെത്തിയ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഭാരവാഹിത്വത്തിന്റെ കാര്യത്തില്‍ ഒരുറപ്പും കിട്ടിയിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തി മാറിയെന്ന് പ്രതീക്ഷിക്കുന്നതായും മുകുന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച പാര്‍ട്ടി ആസ്ഥാനത്ത് പത്തു വര്‍ഷത്തിനു ശേഷം എത്തിയപ്പോഴും പഴയ ചിട്ടകളൊന്നും അദ്ദേഹം മറന്നിരുന്നില്ല. ഓഫിസിലെത്തിയാല്‍ വിളക്കുകത്തിക്കുന്ന പതിവ് ഇന്നലെയും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം, മാരാര്‍ജി ഭവനിലെത്തിയ മുകുന്ദനെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കളാരും എത്തിയില്ല. നേതാക്കള്‍ പലരും തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും പ്രവര്‍ത്തകര്‍ മാത്രമാണ് സ്വീകരിക്കാനുണ്ടായിരുന്നത്. വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുപറഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞുമാറി.
വീട്ടിലെത്തുമ്പോള്‍ പ്രത്യേക സ്വീകരണം ആവശ്യമില്ലല്ലോ എന്നായിരുന്നു ഇതു സംബന്ധിച്ച മുകുന്ദന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ആയതുകൊണ്ട് എല്ലാവരും പ്രചാരണ രംഗത്താണ്. ഇവിടെ വന്നുകഴിഞ്ഞാല്‍ അവര്‍ക്ക് ഒരു മണിക്കൂറോളം നഷ്ടപ്പെടും. അതല്ലാതെ ആര്‍ക്കും മറ്റ് അതൃപ്തികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നേരത്തേ പാര്‍ട്ടിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. പാര്‍ട്ടി സംവിധാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അവസരവാദ രാഷ്ട്രീയത്തെക്കാള്‍ ആദര്‍ശ രാഷ്ട്രിയത്തിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് മറ്റൊരു പാര്‍ട്ടിയിലേക്കും പോവാതിരുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.
മുകുന്ദന്റെ മടങ്ങിവരവിനോട് ഒരുവിഭാഗം സംസ്ഥാന നേതാക്കള്‍ക്കുള്ള എതിര്‍പ്പ് തുടരുന്നതിന്റെ സൂചനയാണ് വിട്ടുനില്‍ക്കലിനുള്ള കാരണമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it