പി ജെ ജോസഫിന് റെക്കോഡ് ഭൂരിപക്ഷം( 45,587 )

തൊടുപുഴ: മുന്‍ മന്ത്രി പി ജെ ജോസഫിന് റെക്കോഡ് ഭൂരിപക്ഷം. തൊടുപുഴ മണ്ഡലത്തില്‍ നിന്നു 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുസ്വതന്ത്രന്‍ അഡ്വ. റോയി വാരികാട്ടിനെ പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ലീഡാണ് ഇത്. 2011ലെ ഭൂരിപക്ഷം ഇരട്ടിയോളമാക്കിയാണ് തൊടുപുഴക്കാര്‍ പി ജെ ജോസഫിന് നല്‍കിയത്. ലഭിച്ച ആകെ വോട്ടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി.
മുന്‍ തവണയെക്കാള്‍ 16,695 വോട്ടുകളാണ് പി ജെ ജോസഫിന് ഇത്തവണ ലഭിച്ചത്. ആകെയുള്ള 1,95,762 വോട്ടുകളില്‍ 1,40,817 എണ്ണമാണ് പോള്‍ ചെയ്തത്. അതില്‍ പി ജെ ജോസഫ് 76,564 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതു സ്വതന്ത്രന് നേടാനായത് 30,977 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തവണ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി ജോസഫ് അഗസ്റ്റിനെ 22,868 വോട്ടുകള്‍ക്കാണ് പി ജെ ജോസഫ് പരാജയപ്പെടുത്തിയത്.
കേരളാ കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിന്റെ പശ്ചാത്തലത്തിലും കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ നേടിയ ഈ വന്‍വിജയം ഇടുക്കിയില്‍ പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്ന നിലയിലും വിലയിരുത്തപ്പെടുന്നു.
അനില്‍ 'അക്കരെ'
കടന്നത് 43 വോട്ടിന്
തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുഡിഎഫിന്റെ അനില്‍ അക്കരെ കരപറ്റിയത് കേവലം 43 വോട്ടിന്. എല്‍ഡിഎഫിന്റെ മേരി തോമസിനോടാണ് വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്ക് അനില്‍ വിജയിച്ചത്. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍റസാഖാവട്ടെ എന്‍ഡിഎയുടെ കെ സുരേന്ദ്രനെക്കാള്‍ 89 വോട്ടിന് മാത്രമാണ് വിജയിച്ചത്.
Next Story

RELATED STORIES

Share it