kannur local

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കണ്ണൂരില്‍ പോലിസിന് ജാഗ്രതാ നിര്‍ദേശം

 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജില്ലയില്‍ പോലിസിനു അതീവ ജാഗ്രതാ നിര്‍ദേശം. ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഢിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുകയോ കോടതിയില്‍ കീഴടങ്ങുകയോ ചെയ്യുകയാണെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നാണു നിര്‍ദേശം. അത്യാവശ്യമല്ലാതെ അവധിയിലുള്ള പോലിസുകാര്‍ ജോലിയില്‍ ഹാജരാവാനും ജില്ലാ പോലിസ് ചീഫ് ഹരിശങ്കര്‍ മുഖേന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്‍ അറസ്റ്റിലായ ശേഷം ജില്ലയില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ അതിനു സമാനമായ ആക്രമണങ്ങള്‍ ഉണ്ടാവാനിടയില്ലെന്നാണു രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.
സിബിഐയെ പ്രകോപിപ്പിക്കാതെ ജയരാജന്‍ കോടതിയില്‍ കീഴടങ്ങുകയാണെങ്കില്‍ പ്രതിഷേധത്തില്‍ അക്രമങ്ങള്‍ക്കുള്ള സാധ്യത കുറയുമെന്നാണു പോലിസ് വിലയിരുത്തല്‍. ഏതു സാഹചര്യവും നേരിടാന്‍ സന്നദ്ധമായിരിക്കണമെന്നാണ് പോലിസ് സേനയ്ക്കു നല്‍കിയ നിര്‍ദേശം. അതേസമയം, കേസിനെ രാഷ്ട്രീയമായി എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ സിപിഎം കുഴങ്ങുകയാണ്. പ്രതിഷേധ പ്രകടനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടും. ഇത് ആത്യന്തികമായി അണികള്‍ക്കിടയില്‍ അമര്‍ഷത്തിനും വിമുഖതയ്ക്കും കാരണമാക്കും. നേരത്തേ, ഷുക്കൂര്‍ വധക്കേസില്‍ നിരവധി കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം കെട്ടിവച്ചാണു ജാമ്യം ലഭിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുന്നതായും അണികള്‍ക്കിടയില്‍ സംസാരമുണ്ട്.
Next Story

RELATED STORIES

Share it