പി ജയരാജന്റെ ജാമ്യാപേക്ഷ; കോടതിയില്‍ നാടകീയ സംഭവങ്ങള്‍

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിന്റെ വാദത്തിനിടെ ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് നാടകീയതയ്ക്ക് ഇടയാക്കിയത്. ആദ്യ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ തന്നെ കേസിലെ രേഖകള്‍ കൂടി സമര്‍പ്പിക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്കു ശേഷം കേസ് ഡയറിയുമായി ബന്ധപ്പെട്ട കാര്യം കോടതി പരാമര്‍ശിച്ചു. പിന്നീട് ജയരാജന്റെയും സിബിഐയുടെയും മനോജിന്റെ സഹോദരന്റെയും വാദം നടത്തി. ഈ സമയത്താണ് കോടതി സിബിഐ അഭിഭാഷകനോട് കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ കോടതിയുടെ സാധാരണ നടപടിക്രമങ്ങള്‍ അവസാനിക്കുന്ന സമയമായിരുന്നു. ഈ സമയം രേഖകള്‍ കൈവശമില്ലാതിരുന്ന സിബിഐ അഭിഭാഷകന്‍ കോടതിക്കു പുറത്തെത്തിയെങ്കിലും രാവിലെ കോടതിയിലെത്തിച്ച രേഖകള്‍ അടങ്ങുന്ന പെട്ടി സിബിഐയുടെ ഓഫിസിലേക്കു മടക്കിക്കൊണ്ടുപോയതായി ബോധ്യപ്പെട്ടു. തിരികെ കോടതിയിലെത്തിയ സിബിഐ അഭിഭാഷകന്‍ വ്യാഴാഴ്ച രേഖകള്‍ ഹാജരാക്കാമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍, കേസ് ഡയറി ഇന്നുതന്നെ ഹാജരാക്കണമെന്നുമുള്ള നിലപാട് കോടതി ആവര്‍ത്തിച്ചു. ഇതോടെ കോടതി സിബിഐയുടെ ഓഫിസിലെത്തി രേഖകള്‍ പരിശോധിക്കണമോയെന്ന് കോടതി ചോദിച്ചു.
കോടതിയും അഭിഭാഷകനും തമ്മില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ രേഖകളടങ്ങുന്ന പെട്ടി ഉദ്യോഗസ്ഥര്‍ അടിയന്തരമായി കോടതിയിലെത്തിച്ചു. സ്ഥലത്തുണ്ടായിരുന്ന സിബിഐ ഉദ്യോഗസ്ഥന്‍ താക്കോലുമായി എത്തി പെട്ടി തുറന്ന് രേഖകള്‍ അഭിഭാഷകന്‍ മുഖേന കോടതിക്കു കൈമാറുകയും ചെയ്തു. രേഖകളിലൂടെ കണ്ണോടിച്ച ശേഷം കോടതി രേഖകള്‍ തിരികെ നല്‍കി.
തുടര്‍ന്നാണ് ജയരാജനെതിരായ തെളിവുള്ള ഭാഗങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി കേസ് ഡയറി വ്യാഴാഴ്ച വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it