പി ജയരാജന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

തലശ്ശേരി: ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി ജി അനില്‍കുമാര്‍ തള്ളി. മൂന്നാംതവണയാണ് ജാമ്യഹരജി കോടതി തള്ളുന്നത്.
യുഎപിഎ വകുപ്പുപ്രകാരം കേസ് ചുമത്തിയതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും രണ്ടുതവണ മുന്‍കൂര്‍ ഹരജി തള്ളിയത് പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍.
കഴിഞ്ഞ 21നാണ് യുഎപിഎ നിയമത്തിലെ സുപ്രധാന വകുപ്പുകളും എക്‌സ്‌പ്ലോസീവ് നിയമവും ഉള്‍പ്പെടെ 15ല്‍പരം കുറ്റങ്ങള്‍ ആരോപിച്ച് സിബിഐ ഡിവൈഎസ്പി ഹരി ഓംപ്രകാശ് കോടതിയില്‍ പി ജയരാജനെതിരേ റിപോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്നാണ് വീണ്ടും മുന്‍കൂര്‍ ജാമ്യം തേടി ജയരാജന്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരാളുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിലെ നിയമപരമായ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ രണ്ടുതവണ മുന്‍കൂര്‍ ജാമ്യഹരജി കോടതിയില്‍ സിബിഐ എതിര്‍ത്തത്.
ജാമ്യഹരജി തള്ളിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു ജയരാജനു വേണ്ടി ഹാജരായ അഡ്വ. കെ വിശ്വന്‍ വ്യക്തമാക്കി. 180 ദിവസം ജയിലില്‍ കിടത്തുകയെന്ന ദുരുദ്ദേശ്യപരമായ ലക്ഷ്യമാണ് സിബിഐക്കുള്ളതെന്നും ജയരാജന്റെ പങ്ക് വെളിപ്പെടുത്തുന്ന രേഖകളോ തെളിവുകളോ സിബിഐ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയരാജനോട് സിബിഐ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നതായി സിപിഎം സംസ്ഥാനസമിതിയംഗം എം വി ജയരാജന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it