പി ജയരാജന്റെ കസ്റ്റഡി; സിബിഐ പുനര്‍ഹരജി നല്‍കി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ പുനര്‍ഹരജി നല്‍കി. ഇന്നലെ ഉച്ചയ്ക്കു ശേഷം സിബിഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ നേരിട്ടെത്തിയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ പുനര്‍ഹരജി ഫയല്‍ ചെയ്തത്. നേരത്തേ നല്‍കിയ അപേക്ഷയില്‍, ജയരാജന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ ബോര്‍ഡ് രേഖകള്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കാന്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, കോടതിക്ക് നല്‍കിയ പരിശോധന റിപോര്‍ട്ടില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ. എസ് എം അഷ്‌റഫും ജില്ലാ ആശുപത്രിയിലും പരിശോധിച്ച രേഖകളാണ് കൈമാറിയിരുന്നത്. പി ജയരാജനെ ഫെബ്രുവരി 16ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെന്നും അവിടെയുള്ള പരിശോധന റിപോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമേ സമര്‍പ്പിക്കാനാവൂയെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്ന് പ്രസ്തുത ആവശ്യം പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ഇന്നലെ പുതുതായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയോടൊപ്പവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നാണ് സൂചന.
ഹരജി ഇന്നു വീണ്ടും പരിഗണിക്കും. നേരത്തേ കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജിയില്‍ 16 മുതല്‍ 19 വരെ ചോദ്യംചെയ്യാന്‍ വിട്ടു കിട്ടണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി വേണമെന്ന കോടതിനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുനര്‍ഹരജി നല്‍കിയത്. പുതിയ ഹരജിയില്‍ എത്ര ദിവസം കസ്റ്റഡിയില്‍ വേണമെന്ന് വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it