പി ജയരാജന്റെ ആശുപത്രിവാസം ഒരുമാസം പിന്നിട്ടു

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആശുപത്രിവാസം ഒരുമാസം പിന്നിട്ടു. ഒരു മാസത്തിനിടെ കണ്ണൂര്‍ എകെജി ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, പരിയാരം സഹകരണ മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, തൃശൂര്‍ അമല, എറണാകുളം ജനറല്‍ ആശുപത്രി, തിരുവനന്തപുരം ശ്രീചിത്ര എന്നിവിടങ്ങളില്‍ ജയരാജന്‍ ചികില്‍സതേടി. ഹൃദ്രോഗബാധിതനായ ജയരാജന് നിലവില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ശ്രീചിത്രയിലെ ഡോക്ടര്‍മാരുടെ അഭിപ്രായം.
ജനുവരി 19ന് മനോജ് വധക്കേസില്‍ പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. അന്നു രാത്രിയോടെ എകെജി സഹകരണ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണെന്നായിരുന്നു വിശദീകരണം. എകെജി ആശുപത്രിയില്‍ നിന്ന് ജനുവരി 31ന് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി 11ന് ഹൈക്കോടതി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് 12ന് പരിയാരത്തു നിന്ന് ഡിസ്ചാര്‍ജ് വാങ്ങി തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. മാര്‍ച്ച് 12വരെ കോടതി റിമാന്‍ഡ് ചെയ്തു.
എന്നാല്‍, നെഞ്ചുവേദനയുണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. ജയില്‍ ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം, ജയരാജനെ പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലേക്കും മാറ്റിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജയരാജന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 12നാണ് അവസാനിക്കുക. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹരജിയില്‍ നാലിന് സെഷന്‍സ് കോടതി തീര്‍പ്പുകല്‍പ്പിക്കും.
Next Story

RELATED STORIES

Share it