പി ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിബിഐ ചോദ്യം ചെയ്തു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച് സിബിഐ സംഘം ചോദ്യം ചെയ്തു. സിബിഐ എസ്പിമാരായ ജോസ്‌മോന്‍, സലീം സാഹിബ്, ഡിവൈഎസ്പി ഹരി ഓം പ്രകാശ് എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് ചോദ്യം ചെയ്തത്.
കേസിലെ പ്രതികളില്‍ ചിലരുമായി ജയരാജന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും കംപ്യൂട്ടറിന്റെ സഹായത്തോടെ കാണിച്ചാണ് ചോദ്യം ചെയ്തതെന്നാണു സൂചന. റിമാന്‍ഡിലായശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ജയരാജനെ കോടതി അനുമതിയോടെയാണ് ഇന്നലെ രാവിലെ 12ഓടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. മൂന്നു ദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ വച്ച് അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ 9.45ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ആരോഗ്യനില പരിശോധിച്ചശേഷം പ്രത്യേക ആംബുലന്‍സില്‍ പോലിസ് അകമ്പടിയോടെയാണ് ജയരാജനെ കണ്ണൂരിലെത്തിച്ചത്. ദ്രുതകര്‍മ സേനയും മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ അംഗങ്ങളും ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ പോലിസും സുരക്ഷയൊരുക്കി. മാഹിയിലും തലശ്ശേരിയിലും പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയില്‍ വളപ്പിലും സിപിഎം പ്രവര്‍ത്തകരും നേതാക്കളും ജയരാജന് അഭിവാദ്യമര്‍പ്പിക്കാനെത്തി.
അതേസമയം, ജയരാജനെ പൂര്‍ണമായും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം വീണ്ടും കോടതിയെ സമീപിച്ചേക്കും.
Next Story

RELATED STORIES

Share it