പി ജയരാജനു തുടര്‍ചികില്‍സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് തുടര്‍ ചികില്‍സ വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ നിന്നു ചൊവ്വാഴ്ച 12.30നാണ് ജയരാജനെ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കു മാറ്റിയത്. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. സി ജി സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയരാജനെ പരിശോധിക്കുന്നത്.
പ്രാഥമിക പരിശോധനയി ല്‍ ആരോഗ്യനില ആശങ്കാജനകമല്ലെന്നാണു കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ നെഞ്ചുവേദന ഇടയ്ക്കിടെ ഉള്ളതായി ജയരാജന്‍ ഡോക്ടര്‍മാരെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. മെഡിക്കല്‍, കാര്‍ഡിയോളജി, സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണു യോഗംചേര്‍ന്നത്. ജയരാജന് 48 മണിക്കൂര്‍ തുടര്‍ചികില്‍സ വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട്. റിപോര്‍ട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണനു കൈമാറി. നെഞ്ചുവേദന അനുഭവപ്പെടുന്ന ഏതൊരു വ്യക്തിക്കും വേണ്ട ചികില്‍സയാണ് ജയരാജനും നല്‍കുന്നതെന്ന് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വിലയിരുത്തി. ഈ റിപോര്‍ട്ട് കോടതിയിലും സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it