wayanad local

പി കെ ജയലക്ഷ്മിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ഇന്ന് പത്രിക നല്‍കും

കല്‍പ്പറ്റ: മാനന്തവാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയും ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും ഇന്ന് വരണാധികാരികള്‍ മുമ്പാകെ പത്രിക നല്‍കും. പ്രവര്‍ത്തകരോടൊപ്പം രാവിലെ 11.30ന് റിട്ടേണിങ് ഓഫിസറായ സബ് കലക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കാന്‍ ജയലക്ഷ്മിയെത്തുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് മാനന്തവാടി നിയോജക മണ്ഡലത്തില്‍ തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്ന പി കെ ജയലക്ഷ്മി തന്റെ കന്നി അങ്കത്തില്‍ 12,734 വോട്ടുുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ കെ സി കുഞ്ഞിരാമനെ പരാജയപ്പെടുത്തിയത്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ പി കെ ജയലക്ഷ്മി തെക്കേ ഇന്ത്യയിലെ പട്ടികവര്‍ഗക്കാരിയായ ആദ്യമന്ത്രി എന്ന ബഹുമതിക്കും അര്‍ഹയായി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി കെ ജയലക്ഷ്മി രണ്ടാമങ്കത്തിനൊരുങ്ങുന്നത്. ഭൂരിപക്ഷം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. പ്രചാരണത്തിന്റെ ഭാഗമായി ഭവനസന്ദര്‍ശനം നടത്താനും കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനുമാണ് പി കെ ജയലക്ഷ്മി കൂടുതലായും ശ്രദ്ധിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന-ദേശീയ നേതാക്കളെ പൊതുയോഗത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനോടകം ബൂത്ത് കയറിയുള്ള ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയായിക്കഴിഞ്ഞു. കല്‍പ്പറ്റ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ കല്‍പ്പറ്റയിലും മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥി ഒ ആര്‍ കേളു മാനന്തവാടിയിലും പത്രിക നല്‍കും. സി കെ ശശീന്ദ്രന്‍ കല്‍പ്പറ്റ മണ്ഡലം റിട്ടേണിങ് ഓഫിസറായ എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വേണുഗോപാലിനും രുഗ്മിണി സുബ്രഹ്മണ്യന്‍ എല്‍എ ഡെപ്യൂട്ടി കലക്ടര്‍ ഗോപിനാഥിനും പത്രിക നല്‍കും.
ഒ ആര്‍ കേളു മാനന്തവാടി മണ്ഡലം റിട്ടേണിങ് ഓഫിസര്‍ ശീറാം സാംബശിവറാവുവിനാണ് പത്രിക നല്‍കുക. മൂന്നു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികര്‍ എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് പത്രിക നല്‍കാനെത്തുക. കല്‍പ്പറ്റയില്‍ ഇരു സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നും പ്രകടനമായെത്തിയാണ് പത്രിക നല്‍കുക.
മാനന്തവാടിയില്‍ സിഐടിയു ഓഫിസ് കേന്ദ്രീകരിച്ച് പ്രകടനമായെത്തി പത്രിക നല്‍കും. കര്‍ഷകത്തൊഴിലാളികള്‍, കര്‍ഷകര്‍, തോട്ടംതൊഴിലാളികള്‍, കര്‍ഷക ശാസ്ത്രജ്ഞനായ അബ്രഹാം മാത്യു എന്നിവരാണ് സി കെ ശശീന്ദ്രന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. ചോയിമൂല ആദിവാസി സമരകേന്ദ്രത്തിലെ ആദിവാസികള്‍ മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥി ഒ ആര്‍ കേളുവിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി. സുല്‍ത്താന്‍ ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
Next Story

RELATED STORIES

Share it