പി കെ കുഞ്ഞാലിക്കുട്ടി ലീഗ് നിയമസഭാകക്ഷി നേതാവ്

മലപ്പുറം: മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി നേതാവായി ദേശീയ ഖജാഞ്ചിയും മുന്‍ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. ഡോ. എം കെ മുനീര്‍ ഡെപ്യൂട്ടി ലീഡറാവും. ടി എ അഹമ്മദ് കബീറാണ് സെക്രട്ടറി. പാര്‍ട്ടി വിപ്പായി വി കെ ഇബ്രാഹീം കുഞ്ഞിനെയും ഖജാഞ്ചിയായി കെ എം ഷാജിയെയും യോഗം തീരുമാനിച്ചു.
നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ഭരണകാര്യങ്ങളില്‍ കൈക്കൊള്ളേണ്ട നിലപാടുകളെക്കുറിച്ച് 29ന് കോഴിക്കോട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. അതിനു മുമ്പായി നിയോജകമണ്ഡലം അടിസ്ഥാനത്തിലും ജില്ലാ തലത്തിലും യോഗങ്ങള്‍ പൂര്‍ത്തിയാക്കും. പ്രതിപക്ഷ നേതാവിനെ മുന്നണിയിലെ മുഖ്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് തീരുമാനിക്കും. അവര്‍ തീരുമാനിക്കുന്ന പ്രതിനിധിയെ മുസ്‌ലിംലീഗ് പിന്തുണക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ പി കെ അബ്ദുറബ്ബ്, വി കെ ഇബ്‌റാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി, എന്‍ എ നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുല്ല, ടി വി ഇബ്രാഹീം, പി അബ്ദുല്‍ ഹമീദ്, സി മമ്മൂട്ടി, കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുല്ല, എം ഉമര്‍, പി കെ ബഷീര്‍, അഡ്വ. എന്‍ ഷംസുദ്ദീന്‍, പി ബി അബ്ദല്‍ റസാഖ്, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല പങ്കെടുത്തു.
Next Story

RELATED STORIES

Share it