പിഴയടയ്ക്കില്ല; ജയിലില്‍ പോവാം: രവിശങ്കര്‍

ന്യൂഡല്‍ഹി: ലോക സാംസ്‌കാരികോല്‍സവം സംഘടിപ്പിക്കുന്നതിനുവേണ്ടി യമുനാനദിയുടെ തീരത്ത് പരിസ്ഥിതി നാശം വരുത്തിയെന്ന കുറ്റത്തില്‍ ദേശീയ ഹരിത കോടതി ജീവനകലയ്ക്ക് ചുമത്തിയ പിഴ അടക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ഇക്കാര്യത്തില്‍ ജയിലില്‍ പോവാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനാലാണു ഹരിത കോടതി അഞ്ചുകോടി രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചത്.
തങ്ങളാരും തെറ്റ് ചെയ്തിട്ടില്ല. ഒരു പൈസപോലും പിഴയടയ്ക്കാനും പോവുന്നില്ല. ഹരിത കോടതി വിധിയില്‍ ജീവനകല തൃപ്തരല്ല വിധിക്കെതിരേ അപ്പീല്‍ പോവും- രവിശങ്കര്‍ പറഞ്ഞു. ജീവനകലയുടെ ലോക സാംസ്‌കാരികോല്‍സവത്തെ രാഷ്ട്രീയവല്‍കരിക്കരുത്. പരിപാടിക്കായി ഒരൊറ്റ മരംപോലും മുറിച്ചിട്ടില്ല, പരിപാടിയുടെ വിമര്‍ശകര്‍ക്ക് ബോധോദയം വരുമെന്നു പ്രതീക്ഷിക്കുന്നു. പരിപാടിയില്‍ പ്രധാനമന്ത്രി മോദിയും എത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിഴ അടയ്ക്കാനുള്ള അവസാന ദിവസം ഇന്നാണെന്ന് ഹരിത കോടതി അറിയിച്ചു. നിയമം അതിന്റെ വഴിക്കുതന്നെ പോവുമെന്നും കോടതി ചെയര്‍പേഴ്‌സന്‍ സ്വതന്ത്രകുമാര്‍ പറഞ്ഞു.
സാംസ്‌കാരികോല്‍സവവുമായി ബന്ധപ്പെട്ട് മലിനീകരണം തടയാന്‍ കോടതി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വനം-പരിസ്ഥിതി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ സാംസ്‌കാരികോല്‍സവം തടയാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഭാരതീയ കിസാന്‍ മസ്ദൂര്‍
സമിതിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരിതകോടതിയെ സമീപിക്കാന്‍ കോടതി ഹരജിക്കാര്‍ക്കു നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it