പിള്ള 2013ല്‍ പറഞ്ഞു; ഇശ്‌റത്തിനെതിരേ മതിയായ തെളിവില്ല

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള 2013ല്‍ പറഞ്ഞിരുന്നതായി റിപോര്‍ട്ട്. ഇശ്‌റത്തിനും മറ്റും ലശ്കറുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഈയിടെ ജി കെ പിള്ള പറഞ്ഞിരുന്നു. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ ഇശ്‌റത്തിനെതിരേ തെളിവില്ലെന്നു വ്യക്തമാക്കിയിരുന്നു.
ആദ്യ സത്യവാങ്മൂലത്തിലേതിനു വിപരീതമായി നല്‍കിയ ഈ സത്യവാങ്മൂലം ആഭ്യന്തരമന്ത്രി ആയിരുന്ന പി ചിദംബരത്തിന്റെ സ്വന്തം താല്‍പര്യപ്രകാരം നല്‍കിയതായിരുന്നുവെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ലെന്നും ജി കെ പിള്ള ഈയിടെ വെളിപ്പെടുത്തിയിരുന്നു. 2013ലെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രത്യേക സാഹചര്യത്തിലായിരുന്നു അതെന്നായിരുന്നു ജി കെ പിള്ളയുടെ മറുപടി. ഇശ്‌റത്തിന്റെ ലശ്കര്‍ അംഗത്വം സംബന്ധിച്ച തെളിവ് അപൂര്‍ണമാണെന്നാണ് താന്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍, ജാവേദ് ശെയ്ഖിനൊപ്പം ഇശ്‌റത്ത് യാത്ര ചെയ്തത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും പിള്ള പറഞ്ഞു.
അതേസമയം, ഇശ്‌റത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തനിക്കു ലഭിച്ചിരുന്നില്ലെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മുംബൈയില്‍ പറഞ്ഞു. ഇശ്‌റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രിയായിരിക്കെ തന്റെ മുമ്പില്‍ വന്നിട്ടില്ല. ഇതുസംബന്ധിച്ച് തനിക്കു ധാരണയൊന്നുമില്ലായിരുന്നെന്നും 2012-14 കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഷിന്‍ഡെ പറഞ്ഞു. ഇശ്‌റത്ത് ജഹാന്‍ കേസ് സംബന്ധിച്ച് എന്‍ഐഎ ഉദ്യോഗസ്ഥരടക്കം നടത്തിയ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.
മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ. 2010ല്‍ യുഎസില്‍ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യംചെയ്യാന്‍ പോയ എന്‍ഐഎ സംഘത്തില്‍ ലോക്‌നാഥ് ബെഹ്‌റയുമുണ്ടായിരുന്നു. അന്ന് ഇശ്‌റത്തിനെക്കുറിച്ച് ഹെഡ്‌ലി എന്താണു പറഞ്ഞതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ബെഹ്‌റ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it