പിള്ളയുടെ വഴിയേ പിസിയും

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട തെളിവെടുപ്പുകള്‍ക്കൊടുവില്‍ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട പി സി ജോര്‍ജ് നിയമസഭാ ചരിത്രത്തില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പിന്‍ഗാമിയായി ഇടംനേടും.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള രണ്ട് അയോഗ്യതകളും കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു. രണ്ടു നടപടികളും പുതിയ പാര്‍ട്ടി ഉണ്ടാക്കാനുള്ള ശ്രമത്തെ തുടര്‍ന്നായിരുന്നുവെന്നതും യാദൃച്ഛികം.
1990 ജനുവരിയിലാണ് സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയെ അയോഗ്യനാക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫ് വിട്ടപ്പോള്‍ ഒപ്പം പോവാതിരുന്ന ബാലകൃഷ്ണപ്പിള്ള സ്വന്തം പേരില്‍ പുതിയ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച് യുഡിഎഫില്‍ തുടര്‍ന്നു. മൂവാറ്റുപുഴ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി സി തോമസിനു വേണ്ടി പിള്ള രംഗത്തിറങ്ങി. തിരഞ്ഞെടുപ്പില്‍ പി സി തോമസ് വിജയിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫിലേക്കു പോയി. തുടര്‍ന്ന് ജോസഫ് ഗ്രൂപ്പിന്റെ വിപ്പായിരുന്ന ഡോ. കെ സി ജോസഫ് പിള്ളയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ച താന്‍ കൂറുമാറിയിട്ടില്ലെന്ന പിള്ളയുടെ വാദം സ്പീക്കര്‍ അംഗീകരിച്ചില്ല. 45 ദിവസംകൊണ്ട് നടപടി പൂര്‍ത്തിയാക്കി സ്പീക്കര്‍ അയോഗ്യത പ്രഖ്യാപിച്ചു.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതാണ് പി സി ജോര്‍ജിന്റെ അയോഗ്യതയ്ക്കു വഴിതുറന്നത്. അയോഗ്യത വരുമെന്നുറപ്പായ ഘട്ടത്തിലാണ് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചതു മുതല്‍ ജോര്‍ജ് അയോഗ്യനായതിനാലാണ് രാജി സ്വീകരിക്കാത്തതെന്നാണ് സ്പീക്കര്‍ നല്‍കിയ വിശദീകരണം. അംഗം രാജിവച്ചാലും സ്പീക്കര്‍ക്ക് അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്ന കീഴ്‌വഴക്കം ലോക്‌സഭയില്‍ സംഭവിച്ചിട്ടുണ്ട്.
ആര്‍എസ്പിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ബാബു ദിവാകരനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എ വി താമരാക്ഷന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ചട്ടമനുസരിച്ച് ഒരു നിയമസഭാംഗത്തിനേ പരാതി നല്‍കാന്‍ കഴിയൂവെന്നതിനാല്‍ ഇത് അംഗീകരിച്ചില്ല. പരാതി നല്‍കുമ്പോള്‍ താമരാക്ഷന്‍ എംഎല്‍എ ആയിരുന്നില്ല. കഴിഞ്ഞ നിയമസഭയില്‍ ജനതാദള്‍ എസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ എം വി ശ്രേയാംസ്‌കുമാര്‍, കെ പി മോഹനന്‍, എം കെ പ്രേംനാഥ് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി തോമസ് നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല.
Next Story

RELATED STORIES

Share it