പിളര്‍പ്പും പടലപ്പിണക്കവും: ചെറുപാര്‍ട്ടികള്‍ നിലനില്‍പ്പ് ഭീഷണിയില്‍

ഹനീഫ എടക്കാട്

കണ്ണൂര്‍: ഇടതു-വലതു മുന്നണികളിലെ ചെറുപാര്‍ട്ടികള്‍ നിലനില്‍പ്പ് ഭീഷണിയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതു മുന്നണിക്കൊപ്പം നില്‍ക്കണമെന്നും എന്തു നിലപാട് സ്വീകരിക്കണമെന്നുമുള്ള ആശയക്കുഴപ്പത്തിലാണ് ചെറുപാര്‍ട്ടികള്‍.
മുന്‍കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് ഭരണത്തിന് ശേഷം എല്‍ഡിഎഫ് എന്ന പതിവ് ഇക്കുറി ആവര്‍ത്തിക്കുമെന്ന് ഉറപ്പില്ല. ഭരണമാറ്റത്തിനും ഭരണത്തുടര്‍ച്ചയ്ക്കും തുല്യസാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം എല്‍ഡിഎഫിനായിരുന്നെങ്കിലും വലിയ ഭൂരിപക്ഷം നേടാനായില്ല. ചെറുപാര്‍ട്ടികളെ ഒപ്പം നിലനിര്‍ത്തുകയും എന്നാല്‍, അവരുടെ വിലപേശല്‍ സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ്സും സിപിഎമ്മും സ്വീകരിക്കുന്നത്.
എല്‍ഡിഎഫിലേക്ക് പോവാന്‍ നീക്കം നടത്തുന്ന ജനതാദള്‍ (യു)വിനെ പിളര്‍ത്തി ഒരു വിഭാഗത്തെ തങ്ങളോടൊപ്പം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിട്ട ജനതാദള്‍ (എസ്) വിരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ പിന്നീട് സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) എന്ന പേരില്‍ യുഡിഎഫിലെത്തുകയായിരുന്നു. അന്ന് ജനതാദള്‍ എസ്സായിതന്നെ നിലനിന്നവര്‍ ഇപ്പോഴും എല്‍ഡിഎഫിലുണ്ട്. ഇവര്‍ക്ക് ജെഡിയു എല്‍ഡിഎഫില്‍ വരുന്നതിനോട് യോജിപ്പില്ല. ജെഡിഎസ്സില്‍ ലയിച്ചു വേണം വീരേന്ദ്ര കുമാര്‍ വിഭാഗം എല്‍ഡിഎഫില്‍ ചേരേണ്ടതെന്നാണ് ഇവരുടെ നിലപാട്. കൂടാതെ വീരേന്ദ്രകുമാറിനെ വെല്ലുവിളിച്ച് പുറത്തു വന്ന പ്രേംനാഥ് ഇപ്പോള്‍ എല്‍ഡിഎഫിനോട് സഹകരിക്കുന്നുമുണ്ട്.
ഏക നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് വര്‍ഷങ്ങളോളം നിലനിന്ന സിഎംപിയും ജെഎസ്എസ്സും വിലപേശല്‍ നടത്താന്‍ പോലും ശേഷിയില്ലാതെ തകര്‍ന്നു കഴിഞ്ഞു. എം വി രാഘവന്റെ മരണത്തോടെ സിഎംപിയിലെ പിളര്‍പ്പ് പൂര്‍ണമായി. അരവിന്ദാക്ഷന്‍ വിഭാഗം ഇപ്പോള്‍ എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, സി പി ജോണ്‍ വിഭാഗം യുഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുന്നു. എംവിആറിന്റെ കാലത്തു പോലും സിഎംപിക്ക് യുഡിഎഫ് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കിയിരുന്നില്ല. 2011ലെ തിരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ നെന്മാറയില്‍ മല്‍സരിച്ച എംവിആറിന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
ഗൗരിയമ്മയുടെ പ്രായാധിക്യവും വ്യക്തമായ നയപരിപാടികള്‍ ഇല്ലാത്തതും ജെഎസ്എസ്സിനെ നിലനില്‍പ്പ് ഭീതിയിലാക്കിയിരിക്കുന്നു. എന്നാല്‍, ഇവരോടുള്ള വൈകാരിക ബന്ധം നേട്ടമാകുമെന്ന കണക്കുകൂട്ടലില്‍ സിപിഎം കൂടെ കൂട്ടിയിട്ടുണ്ട്. എസ്എന്‍ഡിപി ബന്ധത്തെ ചൊല്ലിയുള്ള വിവാദം രാജന്‍ ബാബു വിഭാഗത്തെ യുഡിഎഫില്‍ നിന്നകറ്റാന്‍ കാരണമായേക്കും. ആര്‍എസ്പിയുടെ കൊല്ലം ശക്തിയിലാണ് യുഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നത്. കൊല്ലത്ത് ആര്‍എസ്പി നിര്‍ണായക ഘടകമാവുമെങ്കിലും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ തിരഞ്ഞെടുപ്പ് സമയം ഏതു മുന്നണിയിലുണ്ടാവുമെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിരൂപീകരണം മുതല്‍ എല്‍ഡിഎഫുമായി സഹകരിക്കുന്ന ഐഎന്‍എല്‍, ഫോര്‍വേഡ് ബ്ലോക് എന്നിവര്‍ക്ക് തിരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കുകയെന്നല്ലാതെ വലിയ റോളൊന്നുമുണ്ടാവില്ല. നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ കാര്യവും വ്യത്യസ്തമല്ല. കേരള കോണ്‍ഗ്രസ് ജെ വിഭാഗം നാലു സീറ്റൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും ലഭിക്കില്ല.
Next Story

RELATED STORIES

Share it