പിളര്‍ന്നു; ആന്റണി രാജു, കെ സി ജോസഫ് , ഫ്രാന്‍സിസ് ജോര്‍ജ് രാജിവച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും പിളര്‍ന്നു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ. കെ സി ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഉന്നതാധികാരസമിതി അംഗങ്ങളാണ് മൂവരും. ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് തീരുമാനം.
എല്‍ഡിഎഫില്‍ സഹകരിപ്പിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. പ്രശ്‌നപരിഹാരത്തിന് പി ജെ ജോസഫ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. 2010ലാണ് എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ജോസഫ് വിഭാഗം മാണി കോണ്‍ഗ്രസ്സില്‍ ലയിച്ചത്. പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുന്ന വിവരം ആന്റണി രാജുവാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിച്ച് ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മൂവരും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ പാര്‍ട്ടിയെ ഫ്രാന്‍സിസ് ജോര്‍ജായിരിക്കും നയിക്കുക. പാര്‍ട്ടി വിട്ട സംസ്ഥാനസമിതി അംഗങ്ങളുടെ യോഗം ഒമ്പതിന് തിരുവനന്തപുരത്ത് ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് ആന്റണി രാജു വ്യക്തമാക്കി.
മറ്റൊരു ഉന്നതാധികാരസമിതി അംഗമായ പി സി ജോസഫും രാജിവച്ചതായാണ് വിവരം. എല്‍ഡിഎഫില്‍നിന്ന് വാഗ്ദാനങ്ങള്‍ ലഭിക്കുകയോ അവരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു.
സീറ്റിനു വേണ്ടിയല്ല പാര്‍ട്ടി വിട്ടത്. വിജയസാധ്യതയുള്ള സീറ്റുകള്‍ തങ്ങള്‍ക്ക് മൂന്നുപേര്‍ക്കും മാണി വാഗ്ദാനം ചെയ്തു. എന്നാല്‍, ആത്മാഭിമാനമുള്ള ഒരു കേരളാ കോണ്‍ഗ്രസ്സുകാരനും മാണിക്കൊപ്പം തുടരാനാവില്ല. മാനസികമായും ധാര്‍മികമായും തങ്ങള്‍ക്കൊപ്പമാണ് പി ജെ ജോസഫ്. തങ്ങളുടെ തീരുമാനത്തെ ജോസഫ് എതിര്‍ക്കില്ല.
സംഘടനാപരവും ഭരണപരവുമായ കാര്യങ്ങളില്‍ പാര്‍ട്ടിയുമായോ വര്‍ക്കിങ് ചെയര്‍മാനുമായോ ആലോചിക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ് മാണിയും മകനും. ജനാധിപത്യരീതികളെ തകിടംമറിക്കുന്ന കുടുംബവാഴ്ചയാണു പാര്‍ട്ടിയില്‍.
ഒരു കഴിവുമില്ലാത്ത ജോസ് കെ മാണിക്കു വേണ്ടി കഴിവുറ്റ ചെറുപ്പക്കാരെയും തഴക്കമുള്ള നേതാക്കളെയും അകറ്റിനിര്‍ത്തുകയാണ്. മക്കള്‍രാഷ്ട്രീയത്തിനും കുടുംബവാഴ്ചയ്ക്കും വഴിയൊരുക്കുന്നവരുമായി സന്ധിചെയ്യാനാവില്ലെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ എം മാണി കേരളാ കോണ്‍ഗ്രസ്സിനെ വാണിജ്യസ്ഥാപനമാക്കി മാറ്റിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു. എല്ലാറ്റിനും ഒരു പരിധിയുണ്ട്. ഇവ ലംഘിച്ച് പാര്‍ട്ടിയെ വാണിജ്യസ്ഥാപനമാക്കി മാറ്റിയെന്നതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ. ഇനിയും ഇത് അംഗീകരിക്കാനാവില്ല. 50 വര്‍ഷത്തെ ചരിത്രത്തില്‍ പാര്‍ട്ടി മന്ത്രിമാരില്‍ ആരെക്കുറിച്ചും മാണിക്കെതിരേ ഉയര്‍ന്ന അത്രയും ആരോപണവും പഴിയും ഉണ്ടായിട്ടില്ല.
ബാര്‍ കോഴ ആരോപണം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. സര്‍ക്കാര്‍ ത്വരിതപരിശോധന നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുക എന്നതായിരുന്നു ആ സമയത്ത് എടുക്കേണ്ട ഉചിതമായ തീരുമാനം. താനുള്‍പ്പെടെയുള്ളവര്‍ അത് അഭിപ്രായപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. മാണി രാജിവയ്ക്കണമെങ്കില്‍ പി ജെ ജോസഫും രാജിവയ്ക്കണമെന്ന വിചിത്രമായ നിലപാടാണു സ്വീകരിച്ചത്.
പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ട് വെളിപ്പെടുത്തില്ലെന്നാണ് മാണി പറയുന്നത്. എന്നാല്‍ ഉചിതമായ സമയത്ത് തങ്ങള്‍ റിപോര്‍ട്ട് പുറത്തുവിടുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it