പിലിഭിത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊല: 47 പോലിസുകാര്‍ക്ക് ജീവപര്യന്തം

ലഖ്‌നോ: 25 വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ തീവ്രവാദികളെന്ന് മുദ്രകുത്തി 11 സിഖ് തീര്‍ത്ഥാടകരെ വെടിവച്ചുകൊന്ന കേസില്‍ 47 പോലിസുകാര്‍ക്ക് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചു. 57 പോലിസുകാരായിരുന്നു കേസിലെ മൊത്തം പ്രതികള്‍. 10 പേര്‍ വിചാരണയ്ക്കിടെ മരിച്ചു. 2003 ജനുവരി 20നാണ് പ്രതികളെ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 1991 ജൂലൈ 12നായിരുന്നു കേസിനാസ്പദമായ സംഭവം. നാനാക് മാത, പാറ്റ്‌ന സാഹെബ്, ഹുസൂര്‍ സാഹെബ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സിഖ് തീര്‍ത്ഥാടകരുടെ ബസ് തടഞ്ഞ പോലിസ് സംഘം 11 പുരുഷന്മാരെ ബലം പ്രയോഗിച്ച് ഇറക്കി. പിന്നീട് ഇവരെ വനപ്രദേശത്ത് കൊണ്ടുപോയി വധിച്ചെന്നാണു കേസ്. എന്നാല്‍, അക്രമികളായ ഇവര്‍ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നതായും പോലിസ് വാദിച്ചു. അഭിഭാഷകന്‍ ആര്‍ എസ് സോധി സുപ്രിംകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിട്ടത്.
Next Story

RELATED STORIES

Share it