പിറന്നാള്‍ മധുരം മാധ്യമങ്ങളോട് പങ്കുവച്ച് പിണറായിയുടെ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: പതിവിനു വിപരീതമായി മനസ്സുതുറന്ന് ചിരിച്ചുകൊണ്ടാണ് നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാവിലെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മധുരം വിതരണം ചെയ്ത പിണറായി വലിയൊരു രഹസ്യവും പരസ്യമാക്കി. ഇന്നു തന്റെ പിറന്നാളാണെന്ന് വെളിപ്പെടുത്തിയാണ് അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
ഇന്നുനടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാനാണ് പിണറായി വാര്‍ത്താസമ്മേളനം വിളിച്ചത്. തുടങ്ങുംമുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്നറിയാമോ എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. അധികാരമേറ്റെടുക്കുന്നതിന്റെ ആഹഌദം പങ്കുവച്ചതല്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ചോദിച്ചപ്പോഴാണ് ഇന്ന് തന്റെ ജന്മദിനമാണെന്ന രഹസ്യം പിണറായി വെളിപ്പെടുത്തിയത്. ഔദ്യോഗിക രേഖകളില്‍ തന്റെ ജനന തിയ്യതി 1944 മാര്‍ച്ച് 21 ആണെങ്കിലും തന്റെ ജനനം 1945 മെയ് 24നാണെന്ന് പിണറായി പറഞ്ഞു. മലയാളം കലണ്ടര്‍ പ്രകാരം 1120 ഇടവം 10 ആണ് ജനന തിയ്യതി. ഇത് പക്ഷേ ആര്‍ക്കും അറിയില്ല. ഔദ്യോഗിക രേഖകള്‍ തിരുത്താന്‍ താനും മെനക്കെട്ടില്ല. പിറന്നാള്‍ ചിരിയോടെ പിണറായി പറഞ്ഞു.
തന്റെ യഥാര്‍ഥ ജനന തിയ്യതി ഇതേവരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായിരുന്നില്ലെന്നും ഔദ്യോഗിക ജനന തിയ്യതി മാറ്റാന്‍ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.പിണറായിയുടെ ജന്മദിനം വളരെ രഹസ്യമാണ്. കുടുംബാംഗങ്ങള്‍ക്കല്ലാതെ നിഴലുപോലെ കൂടെ നടക്കുന്ന സഖാക്കള്‍ക്ക് പോലും പിണറായിയുടെ ജനന തിയ്യതി അറിയില്ല. ഈ സസ്‌പെന്‍സിനാണ് ഇന്നലെ പിണറായി വിരാമമിട്ടത്.
പണ്ടൊക്കെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോവുമ്പോള്‍ അധ്യാപകരാണ് കുട്ടികളുടെ ജനന തിയ്യതി കുറിക്കുന്നത്. മിക്കവരുടെയും ജനനം മാര്‍ച്ചിലായതുകാരണം, എനിക്കും ആ തിയ്യതി എഴുതുകയായിരുന്നുവെന്നും പിണറായി വിശദീകരിക്കുന്നു. പിറന്നാള്‍ പിറ്റേന്നാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നതെന്നതും ശ്രദ്ധേയം.
Next Story

RELATED STORIES

Share it