പിരിച്ചുവിട്ട ഉദ്യോഗസ്ഥയെ നിലനിര്‍ത്താന്‍ ചലച്ചിത്ര അക്കാദമിയുടെ നീക്കം

തിരുവനന്തപുരം: പുറത്താക്കാനായി സര്‍ക്കാര്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥയെ നിലനിര്‍ത്തുന്നതിനെ ചൊല്ലി ചലച്ചിത്ര അക്കാദമിയും സാംസ്‌കാരിക വകുപ്പും തമ്മില്‍ ഭിന്നത. അക്കാദമിയിലെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രനാഥിനെ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, ഡെപ്യൂട്ടി ഡയറക്ടറെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര അക്കാദമി ശ്രമിക്കുകയാണ്.
ജയന്തി ജോലിയില്‍ തുടരുമെന്ന് ചെയര്‍മാന്‍ ടി രാജീവ്‌നാഥും മാധ്യമങ്ങളോടു പ്രതികരിച്ചു. ജയന്തി നരേന്ദ്രനാഥിനെ പിരിച്ചുവിടണമെന്നു കാണിച്ച് സാംസ്‌കാരിക വകുപ്പ് ഈമാസം 21നാണ് ഉത്തരവു പുറപ്പെടുവിച്ചത്. കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവു നിലനില്‍ക്കെ കഴിഞ്ഞദിവസം കോട്ടയത്തു നടന്ന ചലച്ചിത്ര പുരസ്‌കാര ദാനത്തിലും ജയന്തി സജീവമായിരുന്നു.
ജയന്തി നരേന്ദ്രനാഥിനെതിരായ നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്തു നല്‍കിയിരുന്നു. രേഖകള്‍ സമര്‍പ്പിച്ചതിലുള്ള പിഴവാണ് സര്‍ക്കാര്‍ നടപടിക്കു കാരണമെന്നാണ് അക്കാദമിയുടെ നിലപാട്. എന്നാല്‍, പിരിച്ചുവിടാന്‍ സര്‍ക്കാരിറക്കിയ ഉത്തരവു മരവിപ്പിച്ചിട്ടുമില്ല.
2012ലാണ് ജയന്തി നരേന്ദ്രനാഥ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നത്. 13ല്‍ കാലാവധി നീട്ടിക്കൊടുത്തു. ഇതിനിടെ ഇവരുടെ നിയമനത്തിനെതിരേ പരാതികള്‍ ഉയര്‍ന്നതോടെ 2014ല്‍ വീണ്ടും കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ജയന്തി മന്ത്രിക്ക് കത്തുനല്‍കി. ഈ കത്തിന് മറുപടി ലഭിക്കുംവരെ പിരിച്ചുവിടരുത് എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേയും വാങ്ങി. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍, മതിയായ യോഗ്യതയില്ലാതെയായിരുന്നു നിയമനമെന്ന സര്‍ക്കാര്‍ ഉത്തരവു വന്നശേഷവും ഇവര്‍ അക്കാദമിയില്‍ തുടര്‍ന്നതോടെ സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ പെറ്റീഷന്‍ നല്‍കി. ഇതേത്തുടര്‍ന്ന് ജയന്തിയും അക്കാദമിയും നല്‍കിയ ഹരജി കോടതി തള്ളി. 2014 ഒക്ടോബറില്‍ ഇവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അക്കാദമിക്ക് കത്തുനല്‍കി. ഈ കത്ത് മറച്ചുവച്ച് ചലച്ചിത്ര അക്കാദമി ആറ് മാസത്തേക്കു കൂടി ഇവരുടെ കരാര്‍ നീട്ടി നല്‍കുകയായിരുന്നു.
ഈ മാസം 21നാണ് ജയന്തി നരേന്ദ്രനാഥിനെ പിരിച്ചുവിട്ട ഉത്തരവില്‍ അണ്ടര്‍ സെക്രട്ടറി രാഗേഷ് ധരണീന്ദ്രന്‍ ഒപ്പുവച്ചത്. ഉത്തരവു കിട്ടിയശേഷം ജയന്തി സാംസ്‌കാരിക മന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, ഉത്തരവു പുറത്തിറങ്ങി ഒരാഴ്ചയിലേറെയായിട്ടും ഇക്കാര്യം സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടില്ല.
ചില രേഖകള്‍ സമര്‍പ്പിച്ചതിലുണ്ടായ പ്രശ്‌നമാണെന്നും രേഖകള്‍ നല്‍കിയതോടെ അവരെ തിരിച്ചെടുത്തുവെന്നുമാണ് അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് പറയുന്നത്. ചെയര്‍മാന്റെയും സെക്രട്ടറിയുടെയും നടപടികളില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രാജിക്ക് തയ്യാറെടുക്കുന്നതായാണു സൂചന. പുറത്താക്കിയുള്ള ഉത്തരവ് നിലനില്‍ക്കേ ജയന്തി അക്കാദമിയില്‍ തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it