പിന്നില്‍ ഐ.എസ്. എന്ന് തുര്‍ക്കി

അങ്കറ: തുര്‍ക്കി തലസ്ഥാനമായ അങ്കറയില്‍ 100ഓളം പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഐ.എസ്. സായുധ സംഘമാണെന്നു സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു. നവംബര്‍ ഒന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്നു ദാവൂദൊഗ്‌ലു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ശരീരത്തില്‍ ബോംബു ഘടിപ്പിച്ചെത്തിയ രണ്ടുപേരാണ് സ്‌ഫോടനം നടത്തിയതെന്നാണു സര്‍ക്കാര്‍ അനുമാനം. സംഭവത്തില്‍ 128 പേര്‍ കൊല്ലപ്പെട്ടതായി റാലിയുടെ സംഘാടകര്‍ അറിയിച്ചപ്പോള്‍ 97 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.

മരിച്ച നിരവധി പേരുടെ സംസ്‌കാരം ഇന്നലെ നടന്നു. തുര്‍ക്കി തലസ്ഥാനത്തെ പ്രധാന റെയില്‍വേ സ്‌റ്റേഷനു പുറത്ത് നൂറുകണക്കിനു പേര്‍ പങ്കെടുത്ത സമാധാന റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. തുര്‍ക്കി സൈന്യവും കുര്‍ദ് തീവ്രപക്ഷമായ പി.കെ.കെയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിക്കിടെയാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ.എസ്, കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി, ലെഫ്റ്റ് റെവല്യൂഷനറി പീപ്പ്ള്‍സ് ലിബറേഷന്‍ ഫ്രന്റ് എന്നീ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ദാവൂദൊഗ്‌ലു മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം തലസ്ഥാനത്ത് റാലി നടത്തിയവര്‍ പോലിസുമായി ഏറ്റുമുട്ടി.
Next Story

RELATED STORIES

Share it