Palakkad

പിന്നാക്കവിഭാഗങ്ങളുടെ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ മാത്രം: മന്ത്രി

പാലക്കാട്: പട്ടിക വിഭാഗങ്ങളുടെ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന് പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ആദ്യ പട്ടികജാതി മെഡിക്കല്‍ കോളജ് പോലുള്ള സംരംഭങ്ങള്‍ പട്ടികജാതി വിഭാഗക്കാരുടെ പുരോഗതിക്ക് വേണ്ടിയാണ്. ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടി വിദ്യോദയം, വിദ്യാജ്യോതി പദ്ധതികളും നിലവിലുണ്ട്. സര്‍ഗോല്‍സവത്തിലൂടെ കലാഭിരുചി വളര്‍ത്തുന്നതിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള സംവിധാനവും ഇന്ന് നിലവിലുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ്ടു എന്നിവയില്‍ എ പ്ലസ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും നല്‍കുന്നുണ്ട്.

മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പ്രത്യേക സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പില്‍ വാച്ചര്‍ തസ്തികയില്‍ പി.എസ്.സി. വഴി പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേക നിയമനം നല്‍കി വരുന്നു. സ്വയംസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ വരെ വായ്പാ സൗകര്യം നല്‍കുന്നുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തിലൂടെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ ജീവിതരീതിയില്‍ വലിയ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. അംബേദ്കര്‍, അയ്യങ്കാളി എന്നീ മഹത് വ്യക്തികളുടെ സ്മരണ നാം നിലനിര്‍ത്തേണ്ടതുണ്ട്.

മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും കലാകായിക മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ക്കും കാഷ് അവാര്‍ഡുകളും പ്രോല്‍സാഹന സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി. എം ബി രാജേഷ് എം.പി. മുഖ്യാതിഥിയായിരുന്നു. നാം ഇനിയും അറിയേണ്ട മഹാത്മജി വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് വൈസ് ചെയര്‍മാന്‍ വേദവ്യാസന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.
Next Story

RELATED STORIES

Share it