പിന്നാക്കക്കാര്‍ക്ക് 25 ശതമാനം സംവരണം ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകളില്‍ മാനേജ്‌മെന്റ് ക്വാട്ട റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് ക്വാട്ട റദ്ദാക്കി. നഴ്‌സറി ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കല്ലാതെ മറ്റു സംവരണം പാടില്ലെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്‌മെന്റ് ക്വാട്ട വലിയ ആക്ഷേപത്തിനു കാരണമായിട്ടുണ്ടെന്നും സര്‍ക്കാരിന് കാഴ്ചക്കാരനായി നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന് സ്‌കൂളധികൃതര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഏകപക്ഷീയവും വിവേചനപരവുമായ 62 മാനദണ്ഡങ്ങളും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 25 ശതമാനം സംവരണം നിലനിര്‍ത്തിയിട്ടുണ്ട്.ഡല്‍ഹിയിലെ 2500 സ്വകാര്യ സ്‌കൂളുകളിലെ നഴ്‌സറി ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ നടക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ നിര്‍ദേശം വന്നത്.

ഡല്‍ഹിയില്‍ സ്‌കൂള്‍ പ്രവേശനത്തിന് മാനേജ്‌മെന്റ്, അവരുടെ ബന്ധുക്കള്‍, പൂര്‍വവിദ്യാര്‍ഥിക ള്‍, തുടങ്ങി നിരവധി വിഭാഗങ്ങള്‍ക്കു സംവരണം നിശ്ചയിച്ചിട്ടുണ്ട്. പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നു പുകവലി, മദ്യപാനം, സസ്യേതര ഭക്ഷണം എന്നിവയെപ്പറ്റി സത്യപ്രസ്താവന ആവശ്യപ്പെട്ടിരുന്നു. ഈ മാനദണ്ഡങ്ങളും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കി.
Next Story

RELATED STORIES

Share it