പിന്തുണ യുഡിഎഫിനെന്ന് വിശ്വകര്‍മജര്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി വോട്ട് ചെയ്യുമെന്ന് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി, കേരള വിശ്വകര്‍മസഭ എന്നിവയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ട് ശതമാനം അധിക സംവരണം, 60 വയസ്സ് കഴിഞ്ഞ വിശ്വകര്‍മജര്‍ക്ക് പെന്‍ഷന്‍, വിവിധ കോര്‍പറേഷനുകളില്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍, വിശ്വകര്‍മ ദിനത്തിന് നിയന്ത്രിത അവധി എന്നിവ ഏര്‍പ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്.
എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കോളജിന് ആവശ്യമായ സ്ഥലം അനുവദിക്കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, വിശ്വകര്‍മജര്‍ക്ക് ഒഇസി ആനുകൂല്യങ്ങള്‍ അനുവദിക്കുമെന്നും സമുദായത്തിനായി പ്രത്യേക തൊഴില്‍ പാക്കേജ് കൊണ്ടുവരുമെന്നും യുഡിഎഫ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വീണ്ടും ഭരണത്തില്‍ വരുന്നതിനു വേണ്ടി വിശ്വകര്‍മ വിഭാഗം പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്നതാണ് നിലപാട്. വാര്‍ത്താസമ്മേളനത്തില്‍ കേരള വിശ്വകര്‍മ സഭ വര്‍ക്കിങ് പ്രസിഡന്റ് പി വാമദേവന്‍, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ആക്റ്റിങ് പ്രസിഡന്റ് എം പി രാധാകൃഷ്ണന്‍, വിഎസ്എസ് ജനറല്‍ സെക്രട്ടറി എം ആര്‍ മുരളി, കെവിഎസ് ജനറല്‍ സെക്രട്ടറി പി പി കൃഷ്ണന്‍, ടി ആര്‍ മധു, വി എന്‍ ദാമോദരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it