Kottayam Local

പിതാവ് ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കുട്ടികള്‍ ആശുപത്രിയില്‍

ആര്‍പ്പുക്കര: പിതാവ് ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയാണ് കോന്നി പത്തേക്കര്‍ മുരുപ്പേല്‍ കോളനിയില്‍ വിനോദ് തന്റെ രണ്ട് കുട്ടികളേയും ബ്ലേഡ് കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ വിപിന്‍ (10), രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിമല്‍ (ഏഴ്) എന്നിവരെയാണ് കഴുത്തില്‍ ആഴത്തില്‍ മുറവേല്‍പ്പിച്ചത്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ചികില്‍സിക്കുന്ന ഡോ. ഉജ്ജ്വല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ മനംനൊന്ത് പിന്നീട് വിനോദ് സ്വന്തം കഴുത്തിലും ബ്ലേഡിന് വരഞ്ഞു. മദ്യത്തിന്റെ ലഹരിയിലാണ് വിനോദ് കുട്ടികളുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് ഭാര്യ അനിത പറഞ്ഞു. വിനോദും അനിതയും രണ്ട് മാസമായി പിണങ്ങി കഴിയുകയാണ്.
13 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. സംശയത്തിന്റെ പേരില്‍ വിനോദ് എന്നും വീട്ടില്‍ വഴക്കുണ്ടാക്കുകയും അനിതയെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവാണ്. തുടര്‍ന്ന് മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ അനിത സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ മക്കളായ വിപിനെയും വിമലിനെയും അനിതയ്‌ക്കൊപ്പം വിടാന്‍ വിനോദ് തയ്യാറായില്ല. ഇതിനിടെ അനിതയുടെ പുറത്തിന്റെ ഭാഗത്ത് മുഴ വന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമായി കഴിഞ്ഞ ദിവസമാണ് അനിത വീട്ടിലെത്തിയത്.
അനിതാ വീട്ടിലെത്തിയത് അറിഞ്ഞ് വിനോദ് ശനിയാഴ്ച വൈകീട്ട് രണ്ടു കുട്ടികളെയും കൂട്ടി അനിതയുടെ വീട്ടിലെത്തി. ഈ സമയം വിനോദ് മദ്യപിച്ചിരുന്നു. തുടര്‍ന്ന് അനിതയോടു വീട്ടിലേക്കു വരാന്‍ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ വിശ്രമം ആവശ്യമായതിനെ തുടര്‍ന്ന് അനിതയുടെ മാതാവ് വിനോദിനൊപ്പം അനിതയെ വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രകോപതിനായ വിനോദ് കൈയില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് രണ്ട് കുട്ടികളുടെയും കഴുത്തിന് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നു കുട്ടികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അര്‍ധരാത്രിയോടെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റാന്നി പോലിസ് ഇന്നലെ കൂട്ടികളുടെ ആശുപത്രിയിലെത്തി അനിതയില്‍ നിന്ന് മൊഴിയെടുത്തു.
Next Story

RELATED STORIES

Share it