Articles

പിതാവ് കോടതി കയറിയ കഥ!

പിതാവ് കോടതി കയറിയ കഥ!
X
slug-avkshngl-nishdnglവിവാഹം കഴിക്കാതെ തങ്ങളുടെ അമ്മയോടൊപ്പം ജീവിതം പങ്കിട്ട് കുടുംബം നോക്കി വാര്‍ധക്യത്തിലെത്തിയ ആളുടെ, അത് സ്വന്തം പിതാവല്ലെങ്കില്‍പ്പോലും ക്ഷേമം ഉറപ്പാക്കാന്‍ ആദ്യവിവാഹത്തിലെ മക്കള്‍ ബാധ്യസ്ഥരാണോ? ആണെന്നാണു നീതിപീഠം പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ റിജു റെജിലാല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഇപ്രകാരം വിധി പ്രസ്താവിച്ചത്. മാതാപിതാക്കളുടെയും രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി 2007ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിധി. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായപ്പോഴാണ് 72കാരനായ ശശിധരന്‍ തന്റെ സംരക്ഷണയില്‍ വളര്‍ന്ന് നല്ലനിലയിലായ പങ്കാളിയുടെ മക്കളില്‍നിന്നു ക്ഷേമസംരക്ഷണം ആവശ്യപ്പെട്ട് ഇതിനായുള്ള ട്രൈബ്യൂണലിനെ സമീപിച്ചത്.
ശശിധരന്റെ അപേക്ഷ പരിഗണിച്ച ട്രൈബ്യൂണല്‍ എതിര്‍കക്ഷികള്‍ സ്വന്തം മക്കളല്ലെങ്കില്‍പ്പോലും ഹരജിക്കാരന്റെ ക്ഷേമം ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഉത്തരവിടുകയുണ്ടായി. ട്രൈബ്യൂണലിന്റെ ഈ വിധിക്കെതിരേ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി, ശശിധരന്‍ പിതാവല്ലെങ്കില്‍പ്പോലും ടിയാന്റെ ക്ഷേമം ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നു വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, ശശിധരന്‍ മറ്റൊരു വിവാഹം കഴിച്ച് ആ ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ശശിധരന്റെ അവകാശികള്‍ തങ്ങളല്ലാത്തതിനാല്‍ സംരക്ഷണവും ചെലവിനും നല്‍കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും അവര്‍ വാദിച്ചു.
ഹരജി പരിഗണിച്ച ഹൈക്കോടതി, ഹരജിക്കാരന്റെ പിതാവിന്റെ സ്ഥാനത്തുനിന്നു കാര്യങ്ങള്‍ നിര്‍വഹിച്ച ആള്‍ എന്ന നിലയില്‍ കടപ്പാടിന്റെ ഭാഗമായി ടിയാന്റെ ക്ഷേമം ഉറപ്പാക്കേണ്ട ബാധ്യത ഹരജിക്കാരനുണ്ടെന്ന ട്രൈബ്യൂണലിന്റെ വിധിയില്‍ അപാകതയില്ലെന്നു വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള നിയമപ്രകാരം മക്കളെന്നോ ബന്ധുവെന്നോ ഉള്ള നിലയ്ക്ക് ചെലവിനു നല്‍കണമെന്നു പറയുന്നില്ലെന്നും ഹൈക്കോടതി സൂചിപ്പിക്കുകയുണ്ടായി.
തങ്ങളുടെ ജീവിതവസന്തകാലത്ത് വിയര്‍പ്പൊഴുക്കി പണിയെടുത്ത് വളര്‍ത്തി വലുതാക്കി ഉന്നതങ്ങളിലെത്തിച്ച മക്കളില്‍നിന്നു ജീവിതസായാഹ്നത്തില്‍ തങ്ങള്‍ക്കര്‍ഹമായ ചെലവും സംരക്ഷണവും ലഭിക്കാന്‍ കോടതികളെ അഭയംപ്രാപിക്കുന്ന മാതാപിതാക്കളുടെയും രക്ഷകര്‍ത്താക്കളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോവുന്നത്. എല്ലാ പ്രതീക്ഷകളും വീണടിഞ്ഞ് പള്ളിപ്പറമ്പിലെ ആറടി മണ്ണിലും അസ്ഥിത്തറകളിലും അഭയംപ്രാപിക്കും മുമ്പ് വൃദ്ധസദനങ്ങളിലും അഗതിമന്ദിരങ്ങളിലും അമ്പലനടകളിലും പള്ളിക്കോലായകളിലും നിന്നുയരുന്ന ഗദ്ഗദങ്ങളും വിലാപങ്ങളും ഏങ്ങലുകളും ശാപവാക്കുകളും മറ്റൊന്നുമല്ല നമ്മോടു പറയുന്നത്. കൂട്ടുകുടുംബസംവിധാനത്തിന്റെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ ആവിര്‍ഭാവവും വിവരസാങ്കേതികവിദ്യയുടെ വ്യാപനവും സര്‍വോപരി മാനുഷികബന്ധങ്ങളില്‍ വന്ന അകല്‍ച്ചയും അന്യതാബോധവും അസഹിഷ്ണുതയും മാതാപിതാക്കളെയും മുതിര്‍ന്നവരെയും അവഗണിക്കാന്‍ ഒരു പരിധിവരെ സഹായകമായിട്ടുണ്ട്. എന്തും 'ഉപയോഗിക്കുക, വലിച്ചെറിയുക' എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്ന കാലത്തോളം മാതാപിതാക്കളും മുതിര്‍ന്ന പൗരന്മാരും അവരുടെ അവകാശങ്ങള്‍ക്കായി കോടതി കയറേണ്ടിവരും.
Next Story

RELATED STORIES

Share it