Flash News

പിതാവിന് ജോലി ചായ വില്‍പന; വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ബാഗ്പത്: പിതാവ് ചായ വില്‍പനക്കാരനായതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നു പുറത്താക്കി. ബാഗ്പതിലെ മഹാവീര അക്കാദമി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന ബാഗ്പത് സ്വദേശി അരിഹന്ദ് ജെയ്‌നിനെയാണ് അധികൃതര്‍ പുറത്താക്കിയത്. രണ്ടു വര്‍ഷം മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണു പുറംലോകമറിയുന്നത്. രണ്ട് വര്‍ഷമായി വീട്ടില്‍ കഴിയുന്ന അരിഹന്ദ് മാനസികമായി തളര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അരിഹന്ദിന്റെ പിതാവ് മന്‍ഗത്രായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചായ വില്‍പന നടത്തിവരുകയാണ്. ഇവരുടെ കുടുംബത്തിന്റെ ആകെയുള്ള വരുമാന മാര്‍ഗമാണിത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മകനെ സ്‌കൂളില്‍ നിന്നു പുറത്താക്കിയതെന്ന് മന്‍ഗത്രായി പറയുന്നു. അവനെ ഡോക്ടറാക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. പഠനത്തില്‍ മാത്രമല്ല, കലാ- കായിക മേഖലയിലും തന്റെ മകന്‍ മികവ് കാണിച്ചിരുന്നു. ചായ വില്‍പനയാണ് പിതാവിന്റെ തൊഴിലെന്നു കാണിച്ച് ഒരു സ്‌കൂളും ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കരുതെന്ന് അദ്ദേഹം പറയുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പലരേയും സമീപിച്ചു. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ല. വിഷയം മന്ത്രി സ്മൃതി ഇറാനിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണു തീരുമാനിച്ചിരിക്കുന്നതെന്നും മന്‍ഗത്രായി പറഞ്ഞു.
Next Story

RELATED STORIES

Share it