kannur local

പിതാവിനെ തേടിയുള്ള മകന്റെ അന്വേഷണത്തിന് മൂന്നര പതിറ്റാണ്ട്

തലശ്ശേരി: പിതാവിനെ തേടിയുള്ള മകന്റെ അന്വേഷണത്തിന് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. എരഞ്ഞോളി പാലത്തിനു സമീപത്തെ ദീപക് വര്‍ക്‌ഷോപ്പ് ഉടമ എരഞ്ഞോളി ഞെരോത്ത് ചെള്ളത്ത് വീട്ടില്‍ കുഞ്ഞിക്കണ്ണനെ കാണാതായിട്ടാണ് 36 വര്‍ഷം പിന്നിട്ടത്.
1980 ജനുവരി 13ന് വര്‍ക്‌ഷോപ്പില്‍ നിന്നു ഇപ്പോള്‍ വരാമെന്ന് പറഞ്ഞിറങ്ങിയ പിതാവിനെ കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്ന് മകന്‍ ശ്രീജിത്ത് പറയുന്നു.
കാണാതാവുമ്പോള്‍ പിതാവിന് 36 വയസ്സ് കാണും. ഭാര്യ ഗീത കുണ്ടാഞ്ചേരിയും ശ്രീജിത്ത് ഉള്‍പ്പെടെ മൂന്നു മക്കളുണ്ടായിരുന്നു. പിതാവ് നാടുവിടാനുള്ള പ്രത്യേകിച്ച് ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്നു മകന്‍ ശ്രീജിത്ത് പറയുന്നു. ശ്രീജിത്ത് പ്രായ പൂര്‍ത്തിയായ മുതല്‍ പിതാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പോലിസ് അധികാരികള്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവരുടെ സഹായം പലതവണ തേടി. ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ 74 വയസ്സെങ്കിലും ഉണ്ടാവുമെന്നാണു മകന്റെ കണക്കുകൂട്ടല്‍. പിതാവിന്റെ തിരോധാനത്തില്‍ തനിക്ക് ചിലരെ സംശയമുണ്ടെന്നു ശ്രീജിത്ത് സംശയിക്കുന്നു. പിതാവിനെ കാണാതായ ശേഷം വര്‍ക്ക്‌ഷോപ്പ് ഏറ്റെടുത്ത് നടത്തിയവരെയാണ് പ്രധാനമായും സംശയിക്കുന്നതെന്നു ശ്രീജിത്ത് തലശ്ശേരി പോലിസിനോട് സൂചിപ്പിച്ചിരുന്നു.
കോടതി ഇടപെടിലൂടെ എരഞ്ഞോളിയിലെ വര്‍ക്‌ഷോപ്പ് ഇപ്പോള്‍ ശ്രീജിത്തിന്റെ ഉടമസ്ഥതയിലാണുള്ളത്. കുഞ്ഞിക്കണ്ണന്റെ തിരോധാനം സംബന്ധിച്ച് കേസ് അന്വേഷണം വീണ്ടും തലശ്ശേരി പോലിസ് ഏറ്റെടുത്തിട്ടുണ്ട്. എന്നെങ്കിലും പിതാവ് തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ ദിവസമെണ്ണി കഴിയുകയാണ് ശ്രീജിത്തും കുടുംബവും.
Next Story

RELATED STORIES

Share it