'പിണറായി വിജയന്‍ സത്യപ്രതിജ്ഞയ്ക്ക് ജഡ്ജിയെ ക്ഷണിച്ചത് ശരിയായില്ല'

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞയ്ക്ക് ഹൈക്കോടതി ജഡ്ജിയെ ഫോണ്‍ വിളിച്ച് ക്ഷണിച്ചത് ശരിയായില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. ലാവ്‌ലിന്‍ കേസി ല്‍ വിസ്താരംപോലും നടത്താതെ ഏഴുപേരെ കുറ്റവിമുക്തരാക്കിയതു സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുള്ളപ്പോള്‍ ജഡ്ജിമാരുമായി സൗഹൃദം പങ്കിടുന്നത് കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്കു വഴിവയ്ക്കുമെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സത്യപ്രതിജ്ഞ നടന്ന ദിവസം കോടതിക്ക് പ്രവൃത്തിദിവസമായിരുന്നതിനാല്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി മുഖാന്തരം പിണറായിക്ക് ആശംസ അറിയിക്കുകയായിരുന്നു. ജസ്റ്റിസിന്റെ ആശംസാകത്ത് മോശമായിപ്പോയി. നമ്മുടെ കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമാണ്. എക്‌സിക്യൂട്ടീവിന് തെറ്റു സംഭവിച്ചാല്‍ നിയമംമൂലം തിരുത്തേണ്ടവരാണ് നീതിന്യായസംവിധാനം. അവര്‍ എക്‌സിക്യൂട്ടീവുമായി ബന്ധം സ്ഥാപിക്കുന്നത് ശരിയല്ല. പിണറായി ലാവ്‌ലിന്‍ കേസില്‍ പ്രതിയാണെന്നുതന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അല്ലെങ്കില്‍ അദ്ദേഹം തെളിയിക്കട്ടെ. വിസ്താരംപോലും നടത്താതെ ഏഴുപേരെ കുറ്റവിമുക്തമാക്കിയത് ജഡ്ജിയുമായുള്ള ബന്ധമാണെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. ആവശ്യമുള്ളപ്പോള്‍ വെളിപ്പെടുത്തും. പൂഞ്ഞാറില്‍ എല്‍ഡിഎഫ് പരാജയത്തിന്റെ പേരില്‍ ആദ്യം സസ്‌പെന്‍ഡ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. ജനങ്ങളുടെ വികാരം മാനിക്കാതിരുന്നതാണ് പരാജയകാരണം. ഇത് കണ്ണൂരല്ല. ആര്‍ക്കും തടുക്കാനാവാത്ത ജനവികാരമായിരുന്നു പൂഞ്ഞാറില്‍. പിണറായിക്കാണ് അബദ്ധംപറ്റിയതെന്നും ജോര്‍ജ് പറഞ്ഞു.
അഞ്ജു ബോബിജോര്‍ജിന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സി ല്‍ ചെയര്‍മാനാവാനുള്ള യോഗ്യതയില്ല. അവര്‍ കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ആ നിയമനം ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it