പിണറായിയെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കിയത് ശരിയല്ലെന്ന് സര്‍ക്കാര്‍; ലാവ്‌ലിന്‍ വീണ്ടും

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ ഹരജി നല്‍കി. പിണറായിയെയും മറ്റും പ്രതിസ്ഥാനത്തു നിന്നൊഴിവാക്കിയ നടപടി ശരിയല്ലെന്നും തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രത്യേക കോടതിവിധിയെന്നും ഹരജി പറയുന്നു.
വെറും ഇടനിലക്കാര്‍ മാത്രമായ ലാവ്‌ലിന്‍ കമ്പനിക്ക് മൂന്നിരട്ടി വരെ വര്‍ധിച്ച തുകയ്ക്കാണ് ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു വേണ്ടി കരാര്‍ നല്‍കിയത്. ഇതിലൂടെ 266.25 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. കരാര്‍ പ്രാബല്യത്തിലാക്കാന്‍ അന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനും മറ്റു പ്രതികളും ഗൂഢാലോചന നടത്തി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കുകയാണ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
243.98 കോടിക്കാണ് കരാര്‍ നല്‍കിയതെങ്കിലും പദ്ധതി പൂര്‍ത്തിയായപ്പോള്‍ ഇത് 389.98 കോടിയായി. പള്ളിവാസല്‍, ചെങ്ങളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാതെ കോടികളുടെ കരാറില്‍ ഏര്‍പ്പെടുകയും കെഎസ്ഇബിക്കും സര്‍ക്കാരിനും വന്‍നഷ്ടം ഉണ്ടാക്കുകയും ചെയ്തു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനു നടപടികളില്‍ വ്യക്തമായ പങ്കുണ്ടെന്നും ഹരജി വ്യക്തമാക്കുന്നു.
കരാര്‍ലംഘനത്തെ തുടര്‍ന്നു ലാവ്‌ലിന്‍ കമ്പനിക്ക് അനര്‍ഹമായ നേട്ടവുമുണ്ടായി. കരാര്‍ പ്രകാരമുള്ള 86.25 കോടി രൂപയുടെ ഗ്രാന്‍ഡ് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചില്ല. പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും മനസ്സിരുത്താതെയും വേണ്ട വിധം വിശകലനം ചെയ്യാതെയുമാണ് പ്രത്യേക സിബിഐ കോടതി ഉത്തരവ് നല്‍കിയത്. കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിനുണ്ടായ കോടികളുടെ നഷ്ടം കോടതി കണക്കിലെടുത്തില്ലെന്നും ഹരജി പറയുന്നു.
വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി കാനഡ സന്ദര്‍ശിച്ചാണ് ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 1997 ഫെബ്രുവരി 10ന് ഒപ്പുവച്ചു. എന്നാല്‍, ഈ ഉന്നതതല സംഘത്തോടൊപ്പം വിദഗ്ധര്‍ ഉണ്ടായിരുന്നില്ലെന്നത് ഏറെ പ്രധാനപ്പെട്ടതാണ്.
പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ ലാവ്‌ലിന് അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നു വ്യക്തമാണ്. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ പാലിച്ചില്ലെന്ന കണ്ടെത്തല്‍ പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ടതല്ലെന്നും അഴിമതി നിരോധനം ബാധകമല്ലെന്നുമുള്ള സിബിഐ കോടതിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനാവില്ലെന്നും, വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാത്ത ഉത്തരവ് തള്ളണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് 98.3 കോടി രൂപയാണ് കരാര്‍ പ്രകാരം വാഗ്ദാനം ചെയ്തതെങ്കിലും നല്‍കിയത് 12.05 കോടി മാത്രമാണ്. എന്നാല്‍, വാഗ്ദാനം പാലിക്കാതെ അവര്‍ പിന്‍മാറിയതിലൂടെ 86.25 കോടിയുടെ നഷ്ടമാണുണ്ടായതെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it