പിണറായിയെ ചൊടിപ്പിച്ചത് 77ലെ ഓര്‍മകള്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ആര്‍എസ്എസ്സുമായുള്ള സിപിഎം ബന്ധത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന പിണറായി വിജയനെ ചൊടിപ്പിച്ചെന്നും അതിന് കാരണം 1977ലെ തിരഞ്ഞെടുപ്പ് ഓര്‍മകളായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരേ ജനതാപാര്‍ട്ടിയുമായി കൂട്ടുകൂടിയതും അതിനെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പ് തോല്‍വിയും താന്‍ ഓര്‍മപ്പെടുത്തിയതാണ് പിണറായിയെയും കോടിയേരിയെയുമെല്ലാം ചൊടിപ്പിച്ചത്. കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ പിണറായി വിജയന്‍ തനിക്കെതിരേ തിരിഞ്ഞതിന് കാരണം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നെ അറിയുന്ന, എന്റെ പൊതുജീവിതം മനസ്സിലാക്കിയ ഒരാള്‍ പോലും പിണറായി വിജയന്‍ പറഞ്ഞത് വിശ്വസിക്കില്ല. ഞാന്‍ ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. എന്നും സമാധാനത്തിന് വേണ്ടി നിലകൊണ്ടയാളാണ് ഞാന്‍. കേരള ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവും എനിക്കുണ്ട്. ആയുധമെടുക്കുകയല്ല, ആശയസമരമാണ് നടത്തേണ്ടത്. ആയുധമെടുത്തുള്ള പടപ്പുറപ്പാട് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തയാളാണ് താന്‍. ആത്മാര്‍ഥതയോടെയാണെങ്കില്‍ അതിനെ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും താന്‍ പറഞ്ഞിരുന്നു.അതേസമയം, വോട്ടുതേടാനുള്ള ശ്രമമാണെങ്കില്‍ ജനം തിരിച്ചടിക്കുമെന്നും അത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും താന്‍ ഓര്‍മിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരേ സിപിഎം കൂട്ടുകൂടിയത് ജനതാപാര്‍ട്ടിയുമായി ആയിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി നേരിട്ടു. ആകെയുള്ള 140 സീറ്റുകളില്‍ 111 എണ്ണത്തിലും വിജയിപ്പിച്ച് ജനങ്ങള്‍ യുഡിഎഫിനെ അംഗീകരിക്കുകയും ചെയ്തു. ഇത് സിപിഎം ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. സിപിഎമ്മിനും ബിജെപിക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it