പിണറായിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: ആര്‍എസ്പി

കൊല്ലം: യുഡിഎഫിനൊപ്പം തുടര്‍ന്നാല്‍ ആര്‍എസ്പിയെ ദുര്‍ബലപ്പെടുത്തുമെന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി ആര്‍എസ്പി. പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിച്ച് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് പ്രാദേശികതലത്തിലുള്ള പ്രവര്‍ത്തകരെ പിണറായി വിജയന്‍ ഉള്‍െപ്പടെയുള്ള കേന്ദ്രനേതാക്കള്‍ സിപിഎമ്മിലേക്ക് ക്ഷണിക്കുന്നതെന്ന് ആര്‍എസ്പി നേതൃത്വം ആരോപിച്ചു. ആര്‍എസ്പിയില്‍ പൊട്ടിത്തെറിയെന്ന പിണറായിയുടെ പരാമര്‍ശം സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വത്തെയാണ് വെളിവാക്കുന്നതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, മന്ത്രി ഷിബു ബേബിജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍എസ്പി പ്രവര്‍ത്തകര്‍ സിപിഎം പാളയത്തില്‍ എത്തുമെന്ന പിണറായിയുടെ വ്യാമോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നംപോലെയാണ്. പശ്ചിമബംഗാള്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന സിപിഎം ആര്‍എസ്പി കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിനെ വിമര്‍ശിക്കുന്നതില്‍ ധാര്‍മികതയില്ല. ആര്‍എസ്പിയെ തകര്‍ക്കാന്‍ സിപിഎം നടത്തിയ എല്ലാ നീക്കങ്ങളെയും അതിജീവിച്ചാണു പാര്‍ട്ടി ഇപ്പോഴും നിലനില്‍ക്കുന്നത്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്‍ മതേതര ജനാധിപത്യ പുരോഗമന ശക്തികളുടെ ഐക്യം അനിവാര്യമാണ്. ഇതാണു ബംഗാളിലെ സിപിഎം നിലപാട്. കേരളത്തില്‍ മാത്രം സിപിഎം കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നതിനു പിന്നില്‍ അധികാര താല്‍പ്പര്യം മാത്രമാണ്. നവലിബറല്‍ നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്ന പിണറായി അടക്കമുള്ള നേതാക്കള്‍ സിപിഎം പഠന കോണ്‍ഗ്രസ്സില്‍ നടത്തുന്ന പ്രസംഗങ്ങള്‍ നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ തനിപ്പകര്‍പ്പാണ്. രാഷ്ട്രീയമായും സംഘടനാപരമായും സിപിഎം നേരിടുന്ന പ്രതിസന്ധിയാണ് ഇതു വ്യക്തമാക്കുന്നത്. ആര്‍എസ്പി നാലഞ്ചുപേരുടെ കറക്കുകമ്പനിയാണെന്ന പിണറായി വിജയന്റെ പരാമര്‍ശം ശരിയെങ്കില്‍, സിപിഎം പിണറായി വിജയന്‍ എന്ന ഏക വ്യക്തിയുടെ കീഴിലുള്ള കണ്ണൂര്‍ കോര്‍പറേറ്റ് കമ്പനി മാത്രമാണ്.
കോടിയേരി ബാലകൃഷ്ണനെയും പോളിറ്റ്ബ്യൂറോ അംഗങ്ങളെയും പ്രതിപക്ഷനേതാവിനെയും കാഴ്ചക്കാരാക്കി സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിതനായി പിണറായി വിജയന്‍ നടത്തുന്ന നയപ്രഖ്യാപനം പുതിയ പ്രതിഭാസമാണെന്നും ആര്‍എസ്പി നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it